1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011

കോഴിക്കോട് വെസ്റ്റ്ഹില്‍ എഞ്ചിനിയറിംങ് കോളേജില്‍ പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ അസിസ്റ്റന്റ് കമ്മീഷണര്‍ 4 റൗണ്ട് വെടിവെച്ചു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പ്രേംരാജിന്റെ നിര്‍ദേശപ്രകാരമായിരുന്നു വെടിവെക്കല്‍. വിദ്യാര്‍ത്ഥികള്‍ക്കു നേരെ തോക്കുചൂണ്ടി വെടിവെച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ത്ഥികള്‍ക്കുനേരെ തോക്കുമായി പാഞ്ഞടുക്കുകയായിരുന്നു. ആദ്യം ആകാശത്തേക്കും പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കുനേരെയും അസി. കമ്മീഷണര്‍ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.

നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് എഞ്ചിനിയറിംങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെയാണ് സംഭവം. പ്രശ്‌നം പരിഹരിക്കാന്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍മല്‍ മാധവിന് അനുകൂലമാക്കാന്‍ കലക്ടര്‍ ഇടപെട്ടു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

കോളേജിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകവും, ഗ്രനേഡും പ്രയോഗിച്ചു. പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുളളവര്‍ക്ക് പരിക്കേറ്റിരുന്നു. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ഇതിനിടെയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിയുതിര്‍ത്തത്.

വെടിവെക്കാന്‍ തക്കതായ സാഹചര്യം കോളേജിനുമുമ്പിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി സമരങ്ങളെ തോക്കുപയോഗിച്ച് നേരിടുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടില്ല. സംഘര്‍ഷങ്ങളുണ്ടായാല്‍ ആദ്യം കണ്ണീര്‍ വാതകവും, പിന്നീട് ഗ്രനേഡും, ആവശ്യമെങ്കില്‍ ജലപീരങ്കിയും ഉപയോഗിക്കുകയാണ് പതിവ്. ആഴ്ചകള്‍ക്ക് മുമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരവും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എസ്‌കിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.