1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011

മലയാള സിനിമയിലെ താരങ്ങളുടെ കോക്കസും മാഫിയാപ്രവര്‍ത്തനവും മൂലമാണ് തനിക്ക് സിനിമയില്‍ നിന്ന് ടി.വി സീരിയലില്‍ വരേണ്ടിവന്നതെന്ന് ഗാനരചയിതാവും സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി.

സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല, ജയസൂര്യ വരെയുള്ളവര്‍ ഇപ്പോള്‍ കഥ മാറ്റാന്‍ പറയുന്നു. താരങ്ങളുടെ താളത്തിന് തുള്ളാത്ത സംവിധായക ര്ക്ക് വീട്ടിലിരിക്കേണ്ട ഗതികേടാണ്. താരങ്ങള്‍ പറയുന്നത് കേള്‍ക്കാറില്ല എന്ന് സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവര്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം മോഹന്‍ ലാല്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്. മമ്മൂട്ടി ആദ്യമായി നായകനായത് ‘മുന്നേറ്റം’ എന്ന തന്‍റെ സിനിമയിലൂടെയാണ്. അതിന്റെ കാമറ ധനഞ്ജയനായിരുന്നു. ‘വിളിച്ചു വിളികേട്ടു’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍, ‘കാമറ ഇവിടെക്കൊണ്ടുവക്ക്’ എന്ന് മമ്മൂട്ടി ധനഞ്ജയനോടാവശ്യപ്പെട്ടു. അത് തമ്പി സാറാണ് പറയണ്ടേത് എന്നായി ധനഞ്ജയന്‍. കാമറാമാനെ മാറ്റാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടെങ്കിലും ‘നീ വന്ന പടത്തിലൂടെയാണ് അയാളും വന്നത്, നീ നായകനാണെങ്കില്‍ അയാളായിരിക്കും കാമറ’ എന്ന നിലപാടില്‍ താന്‍ ഉറച്ചുനിന്നു.‘യുവജനോല്‍സവം ’ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ ഇടപെടലും താന്‍ അനുവദിച്ചിട്ടില്ല. ഈ താരങ്ങളുടെ കോള്‍ ഷീറ്റ് പിന്നീട് താന്‍ വാങ്ങിയിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘അളിയന്മാരും പെങ്ങന്മാരും’ എന്ന സീരിയലില്‍ നായകനായ ഗണേഷ്കുമാര്‍ കൃത്യസമയത്ത് വരാതെ ബുദ്ധിമുട്ടിച്ചപ്പോള്‍, ‘സൂപ്പര്‍ താരങ്ങളെ ഭയന്നാണ് ഞാന്‍ സീരിയിലില്‍ വന്നത്, ഇവിടെ നിങ്ങള്‍ സൂപ്പര്‍ താരം ചമയരുത്’ എന്ന് താന്‍ തുറന്നുപറഞ്ഞു. ഗണേഷ്കുമാര്‍ ഡേറ്റ് നീട്ടിത്തരാന്‍ വിസമ്മതിച്ചപ്പോള്‍ 35 എപ്പിസോഡുകളില്‍ അയാളുടെ മുഖം കാട്ടിയില്ല. അപ്പോള്‍ സീരിയലിന്റെ റേറ്റിങ് കൂടുകയും ചെയ്തു; ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ആത്മവിശ്വാസക്കുറവുമൂലം ഇന്നത്തെ താരങ്ങള്‍ നായികമാര്‍ക്ക് പ്രാധാന്യം നല്കാന്‍ അനുവദിക്കുന്നില്ല. കടുത്ത പുരുഷമേധാവിത്തം നിലനില്ക്കു്ന്നു. ‘ഒരു പെണ്ണിന്‍െറ കഥ’യില്‍ ഷീല നായികയും സത്യന്‍ വില്ലനുമാണ്. ഇന്ന് നായികക്ക് പ്രധാന്യമുള്ള സിനിമയില്‍ ഏതെങ്കിലും സൂപ്പര്‍ താരം വില്ലനാകുമോ? സൂപ്പര്‍ താരം ഒരു കോടി രൂപ പ്രതിഫലം വാങ്ങുമ്പോള്‍ നായികക്ക് ആറുലക്ഷം പോലുമില്ല. നായിക 10 ലക്ഷം വാങ്ങുന്നത് താരത്തിന് ഇഷ്ടവുമല്ല. പണ്ട് സത്യന്‍ 15,000രൂപ വാങ്ങുമ്പോള്‍ ശാരദക്ക് 10,000 രൂപയാണ് നല്കിയിരുന്നത്. കഥ കേട്ടശേഷം ‘ഈ കഥാപാത്രം തനിക്കുചേരില്ല, സത്യനാണ് ചെയ്യേണ്ടത്’ എന്നു പറയാനുള്ള മനസ്സ് നസീറിനുണ്ടായിരുന്നു, തിരിച്ച് സത്യനും ഇങ്ങനെ പറഞ്ഞിരുന്നു.

തിലകന്‍ പറയുന്നതരത്തിലുള്ള വര്‍ഗീയ സംഘങ്ങളല്ല സിനിമയിലുള്ളത്. മദ്യപാനവും തുറന്നുപറയാന്‍ കഴിയാത്ത മറ്റു മോശം കാര്യങ്ങളും നിയന്ത്രിക്കുന്ന സംഘങ്ങളാണുള്ളത്. ഫാന്‍സ്‌ അസോസിയേഷനുകള്‍ മാഫിയകളാണ്. മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആന്റിണി പെരുമ്പാവൂര്‍ ലോറിയില്‍ മോഹന്‍ലാലിന്റെ കട്ടൗട്ടുകള്‍ കൊണ്ടുപോയി കൂലിക്കാരെ വച്ച് എല്ലായിടത്തും സ്ഥാപിക്കുന്നു. സത്യന്‍ മുതല്‍ സോമന്‍ വരെയുള്ള താരങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല.

റിയാലിറ്റി ഷോ അടക്കമുള്ള പുതിയ സംഗീത സംസ്കാരത്തെ, നിരവധി പ്രിയഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഈ ഗാനരചയിതാവ് നിശിതമായി വിമര്‍ശിച്ചു. “വയലിനും ഫ്ളൂട്ടും വായിക്കുന്നതായി ആംഗ്യം കാട്ടുന്ന ഒരു ഗായികയുടെ പാട്ടുകേട്ടാല്‍ ശരീരത്തില്‍ അട്ട കയറിയതുപോലെ തോന്നും”; അദ്ദേഹം തുറന്നടിച്ചു. റിയാലിറ്റി ഷോ സംഗീതദ്രോഹമാണ്. അതില്‍ തുള്ളാനെത്തുന്ന ഗായകരോട് പുച്ഛമാണ്. ഒരു യേശുദാസും ചിത്രയും സുജാതയും റിയാലിറ്റി ഷോയില്‍ നിന്നുണ്ടാവില്ല, പകരം നൂറും ഇരുനൂറും റിമി ടോമിമാരുണ്ടാകും; അദ്ദേഹം പറഞ്ഞു. ആരും അറിയാതിരുന്ന ശരത് എന്ന സംഗീത സംവിധായകനാണ് ഇതില്‍ നിന്ന് ഏറ്റവും മെച്ചമുണ്ടായത്. അദ്ദേഹത്തിന് ചില അവസരങ്ങള്‍ കിട്ടി.യേശുദാസിന്റെ സാന്നിധ്യം മൂലം മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടുവെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സംഗീത സ്വരസഞ്ചാരത്തില്‍ അതിരുകളില്ലാതെ പാടാനാകുന്നവര്‍ക്കാണ് സിനിമാപാട്ടില്‍ നിലനില്ക്കാനാകുക. മുഹമ്മദ് റഫി, ടി.എം സൗന്ദരരാജന്‍, ശീര്കാകഴി ഗോവിന്ദരാജന്‍, യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം എന്നിവരുടെ ശബ്ദത്തിന് എത്ര ഉയരത്തിലേക്കും പോകാനാകും. മുഹമ്മദ് റഫി ‘ഭഗവാന്‍’ എന്ന് ഉയര്‍ത്തിവിളിച്ചപ്പോള്‍ താഴെ മാത്രം പാടിയിരുന്ന തലത്ത് മഹ്മൂദ് പോയി, ടി.എം സൗന്ദരരാജന്‍ ‘പോണാല്‍ പോകട്ടും പോടാ’ എന്നുപാടിയപ്പോള്‍ എം.എം രാജയും ഇല്ലാതായി.

ബ്രഹ്മാനന്ദന് പാടാനുള്ള സൗകര്യത്തിനാണ് ഉച്ചസ്ഥായി ഒഴിവാക്കി ‘താരകരൂപിണി’ പോലുള്ള പാട്ടുകള്‍ കമ്പോസ് ചെയ്തത്. നല്ല ഗാനങ്ങള്‍ പാടിയിട്ടും അദ്ദേഹത്തിന് നിലനില്‍ക്കാനായില്ല. ജോളി അബ്രഹാമിനെയും ഉണ്ണിമേനോനെയും താനാണ് കൊണ്ടുവന്നത്. ഇവര്‍ക്കും പിടിച്ചുനില്ക്കാ്നായില്ല. ജയചന്ദ്രനുമാത്രമേ അതിജീവിക്കാന്‍ കഴിഞ്ഞുള്ളൂ. റെയ്ഞ്ച് ഇല്ലാത്തതാണ് അയിരൂര്‍ സദാശിവനും ബ്രഹ്മാനന്ദനും മുതല്‍ ജി വേണുഗോപാല്‍ വരെയുള്ളവരുടെ പ്രശ്നം. ശബ്ദസൗകുമാര്യം ഇല്ലായിരിക്കാമെങ്കിലും എം.ജി ശ്രീകുമാറിന് റെയ്ഞ്ചുണ്ട്.
മോഹന്‍ലാലിന്റെ പിന്തുണ കൊണ്ടുമാത്രം ശ്രീകുമാറിന് പിടിച്ചുനില്ക്കാനാകില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ദേവരാജന്റെ പിന്തുണയുണ്ടായിരുന്ന നിലമ്പൂര്‍ കാര്‍ത്തികേയനും അയിരൂര്‍ സദാശിവനും പിടിച്ചുനിന്നേനെ.‘ഇങ്ങനെയേ ജീവിക്കൂ’ എന്നുതീരുമാനിച്ചതുകൊണ്ട് തനിക്ക് സിനിമയില്‍ പല നഷ്ടങ്ങളുമുണ്ടായിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്ത്തു . ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങിനാണ് അദ്ദേഹം ബഹ്റൈനില്‍ എത്തിയത്.

അടിക്കുറിപ്പ്:

ശ്രീ.തമ്പി സര്‍, താരങ്ങളുടെ അണിയറ വിശേഷങ്ങള്‍ തുറന്നു പറയുവാന്‍ താങ്കള്‍ കാട്ടിയ ധൈര്യത്തിന് അഭിനന്ദനങ്ങള്‍, ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ കറുത്ത കണ്ണട വെച്ച് തന്നെ ആരൊക്കെയാണ് ഗൌനിക്കാത്തത് എന്ന് നോക്കി അഅവര്‍ക്കിട്ടു പാര വെക്കുന്ന മമ്മൂട്ടിയെയും, മിണ്ടാപൂച്ചയെ പോലെ നിന്ന് ഇഷ്ടമില്ലാത്തവരെ തന്റെ ചിത്രങ്ങളില്‍ നിന്നും മറ്റുള്ളവരുടെ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുന്ന മോഹന്‍ലാലിനെപ്പോലെ ഉള്ളവരെയും എടുത്തു കാട്ടിയത് നന്നായി. തങ്ങളുടെ കഞ്ഞികുടിയെ ബാധിക്കുമോ എന്ന പേടി കൊണ്ടാണ് മിക്കവരും ഇവര്‍ക്കെതിരെ ശബ്ദിക്കാത്തത്.

ശുദ്ധ സംഗീതത്തെ വികലമാക്കുന്ന സ്റ്റാര്‍ സിങ്ങര്‍ പോലെയുള്ള പരിപാടികളെ വിമര്‍ശിച്ചതും, പാട്ട് പാടുന്നതിനിടയില്‍ കൈ കൊണ്ടും ശരീരം കൊണ്ടും കൊപ്രാട്ടിത്തരങ്ങള്‍ കാണിക്കുന്ന റിമി ടോമി എന്ന പാട്ടുകാരിയെ പരസ്യമായി എടുത്തു കാട്ടിയതും നന്നായി. മെലഡി ഗാനങ്ങളെക്കള്‍ അടിപൊടി ഗാനങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തു കൊണ്ട്, തനിക്കു ജനങ്ങളുടെ പിന്തുണ കിട്ടാന്‍ വേണ്ടി തുള്ളാനായി വരുന്ന ചെറുപ്പക്കാരെ ഇളക്കിയാണ്‌ അവരെപ്പോലുള്ളവര്‍ ഗാനമേളയില്‍ പാടുന്നത്. അപ്പോള്‍ പിന്നെ വയലിനും ഫ്ലൂട്ടും വായിക്കുന്ന പോലെ ആംഗ്യം കാട്ടുന്നതു മാത്രമല്ല മറ്റു പല ചേഷ്ടകളും കാട്ടിയെന്ന് വരും.താങ്കള്‍ക്ക് ഒരായിരം ഭാവുകങ്ങള്‍.

സാബു സക്കറിയ മണക്കുന്നേല്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.