കുര്യൻ ജോർജ് (യുക്മ ദേശീയ സമിതിയംഗം): വെര്‍ച്വല്‍ ദേശീയ കലാമേള സംഘടിപ്പിച്ച് വെന്നിക്കൊടി പാറിച്ച യുക്മ, പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്കിയ ഓണ്‍ലൈന്‍ സംവാദം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ആനുകാലികമായ വാട്ട്സ്ആപ്പ് നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്തെ അപകടകരമായതും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ച് നയം വ്യക്തമാക്കിക്കൊണ്ട് നടന്ന വിജ്ഞാനപ്രദവും ആകര്‍ഷകവുമായ ചര്‍ച്ചയും സംവാദങ്ങളും ഏറെ പ്രായോഗിക അറിവ് പകരുന്നതായി.
ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഡിജിറ്റല്‍ ലോകത്തെ നിയമങ്ങളും വിവിധ സാമൂഹിക മാദ്ധ്യമങ്ങളിലെ നയം മാറ്റങ്ങളും വളരെ വിശദമായി ചര്‍ച്ച ചെയ്ത സംവാദം ഉദ്ഘാടനം ചെയ്തത് ലോകപ്രശസ്ത മലയാളി നയതന്ത്രജ്ഞനായ വേണു രാജാമണി ഐ.എഫ്.എസ്സാണ്. ഉദ്ഘാടനത്തിനു ശേഷം അവതാരക ദീപ നായര്‍ നടത്തിയ അഭിമുഖത്തില്‍ വിദ്യാര്‍ത്ഥി ജീവിതകാലാനുഭവങ്ങളോടൊപ്പം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതാനുഭവങ്ങളും വളരെ രസകരമായി പ്രേക്ഷകരുമായി പങ്കുവെച്ച അദ്ദേഹം ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും സംസാരിച്ചു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും പോലുള്ള ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ഡോ. സരോജ് ഥാപ്പയുമായി നടന്ന അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ഓര്‍മ്മകളും പ്രേക്ഷകരുമായി അദ്ദേഹം പങ്ക് വെച്ചു.
കൂടാതെ അദ്ദേഹത്തിന്റെ വിവിധ ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോഴുള്ള അനുഭവങ്ങള്‍ പ്രത്യേകിച്ച് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍, ധനകാര്യ വകുപ്പിലെ നടപടികളിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണ്ടായ വലിയ മാറ്റങ്ങള്‍, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി എന്ന നിലയിലുള്ള അനുഭവങ്ങള്‍ എന്നിവ അദ്ദേഹം വളരെ വിശദമായി തന്നെ പങ്കുവച്ചു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ളയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, യു.കെയിലെ പ്രമുഖ മാധ്യമപ്രവര്ത്തകന് ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ വേണു രാജാമണിയുമായുള്ള അഭിമുഖത്തില്‍ പങ്കാളികളായി.
പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഓണ്‍ലൈന്‍ സംവാദത്തിന് നായകത്വം വഹിച്ചത് അമേരിക്കന്‍ മലയാളിയും അന്താരാഷ്ട്ര പ്രശസ്തനായ സൈബര്‍ സുരക്ഷാ വിദഗ്ദനുമായ സംഗമേശ്വരന് മാണിക്യം അയ്യരാണ്. ‘സംഗം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന്, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ തന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം പ്രേക്ഷകരുമായി പങ്ക് വെച്ചത് ഏറെ രസകരമായിരുന്നു. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും നിരന്തരം ഇടപെടുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ വിശദമായി പ്രതിപാദിച്ച സംഗം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം കലര്‍ത്തി നല്കിയ മറുപടികള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തി.
വിദ്യാഭ്യാസ ഗവേഷണ രംഗത്ത് തുടരുന്നതോടൊപ്പം ടെലിവിഷന്‍ മേഖലയിലും സജീവമായി പ്രവര്‍ത്തിച്ച് വരുന്ന ബാംഗ്ളൂര്‍ മലയാളി അപര്‍ണ വിശ്വനാഥന് സൈബര്‍ ലോകത്ത് കുട്ടികള്‍ നേരിടേണ്ടി വരുന്ന ബുള്ളിയിംഗ് ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങളും മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വളരെ വിശദമായി പ്രേക്ഷകരോട് സംസാരിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴികളെ നേരിടാന്‍ മാതാപിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അപര്‍ണ വിശദീകരിച്ചത് ഏറെ സഹായകരമായി. ലോക് ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ സ്കൂളിംഗ് കുട്ടികളിലുണ്ടാക്കുന്ന മാനസിക വ്യതിയാനങ്ങളെ ചൂണ്ടിക്കാണിച്ച അപര്‍ണ ആ പ്രതിസന്ധിയെ നേരിടാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രേക്ഷകര്‍ക്ക് നല്കി.
ഇംഗ്ളണ്ടിലെ സ്വിന്ഡന് ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്മോള്‍ നിധീരി, ഡിജിറ്റല്‍ മേഖലയുമായി ബന്ധപ്പെട്ട് കാലിക പ്രസക്തിയുള്ള ഈ വിഷയത്തില്‍ ഒരു സംവാദത്തിന് അവസരമൊരുക്കിയ യുക്മക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്. കൊച്ച് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ‘ഓഫ് കോം’ റിപ്പോര്‍ട്ട് പ്രതിപാദിച്ച് ജി.ഡി.പി.ആര് നിയമത്തിന്റെ വിശദാംശങ്ങളും ആ നിയമത്തിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന നിയമ പരിരക്ഷയെ സംബന്ധിച്ചും വളരെ വിശദമായി പ്രേക്ഷകരോട് സംവദിച്ചു. യുകെയില്‍ സ്കൂളുകള്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാണിച്ച റെയ്മോള്‍ കുട്ടികളുടെ സുരക്ഷക്കായി സ്വീകരിക്കാവുന്ന മുന്‍കരുതലുകളെപ്പറ്റിയും പ്രേക്ഷകരോട് സംസാരിച്ചു.
യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമപ്രവര്‍ത്തകനായ ജര്‍മ്മനിയില്‍ നിന്നുള്ള ജോസ് കുമ്പിളുവേലിലും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം പ്രേക്ഷകരുമാണ് ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചത്. മാത്യു അലക്സാണ്ടര്‍ (ലിവര്‍പൂള്‍), സ്മിതാ തോട്ടം (ബര്‍മ്മിങ്ഹാം), സന്തോഷ് ജോണ്‍ (ബെല്‍ഫാസ്റ്റ്), വരുണ്‍ ജോണ്‍ (സൗത്താംപ്ടണ്‍), സോണിയാ ലൂബി (ലണ്ടന്‍), ഷാജിമോന്‍ കെ.ഡി (മാഞ്ചസ്റ്റര്‍), സീന പഴയാറ്റില്‍ (നോര്‍വിച്ച്), ചാര്‍ലി മാത്യു (ബാന്‍ബറി), ഷൈനി കുര്യന് (നോട്ടിങ്ഹാം), ബിജു പീറ്റര്‍ (ലിവര്‍പൂള്‍), രമ്യ മനോജ് (ഗ്ലോസ്റ്റര്‍), രാഹുല്‍ ദേവ് (മാഞ്ചസ്റ്റര്‍), ശാരിക അമ്പിളി (ക്രോയിഡോണ്‍), ജേക്കബ് കുയിലാടന് (ലീഡ്സ്), അശ്വതി പ്രസന്നന് (സ്റ്റോക്ക്പോര്‍ട്ട്), സിനോജ് ചന്ദ്രന് (ന്യൂകാസില്‍) എന്നിവരാണ് ലൈവ് സ്ക്രീനിലെത്തി ചോദ്യങ്ങള്‍ ചോദിച്ചത്. കൂടാതെ നിരവധി ആളുകള്‍ ഫേസ്ബുക്ക് കമന്റിലും ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. യു.കെയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന ചോദ്യകര്‍ത്താക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മുഖ്യപ്രഭാഷകനായിരുന്ന സംഗമേശ്വരന് അയ്യര്‍, പാനല്‍ അംഗങ്ങളായ അപര്‍ണ വിശ്വനാഥന്, റെയ്മോള്‍ നിധീരി എന്നിവര്‍ വിശദമായ മറുപടികള്‍ നല്കി.
നാലര മണിക്കൂറിലേറെ നീണ്ട് നിന്ന ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അവതാരകയായി എത്തിയ ദീപ നായര്‍, ഡിജിറ്റല്‍ സാങ്കേതിക മേഖലയിലെ തന്റെ അറിവുകള്‍ ഉപയോഗിച്ച് പതിവ് പോലെ ഏറെ മികവോടെ തന്റെ റോള്‍ നിര്‍വ്വഹിച്ചു. കൃത്യമായ ഇടവേളകളില്‍ ചര്‍ച്ചകളില്‍ ഇടപെട്ട ദീപ, ചര്‍ച്ചകള്‍ നയിച്ചവരേയും ചോദ്യകര്‍ത്താക്കളേയും പ്രേക്ഷകരേയും ഒരു പോലെ കോര്‍ത്തിണക്കി ചര്‍ച്ച മുന്നോട്ട് കൊണ്ടു പോവുകയും ചെയ്തു. നൂറ് കണക്കിന് പ്രേക്ഷകര്‍ ആദ്യവസാനം വളരെ സജീവമായി പങ്കെടുത്ത സംവാദത്തിന് യുക്മ ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യുക്മ ദേശീയ നേതാക്കളായ ലിറ്റി ജിജോ, സാജന് സത്യന്, സെലീന സജീവ്, അനീഷ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല