കടക്കെണി കാരണമുള്ള പ്രതിസന്ധിയില്‍ നിന്നു യൂറോപ്പിലെ ബാങ്കുളെ സംരക്ഷിച്ചു നിര്‍ത്താന്‍ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ധാരണയായി. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഇക്കാര്യം അറിയിച്ചത്.
ജര്‍മന്‍ തലസ്ഥാനത്ത് ഇരു നേതാക്കളും സംയുക്ത പത്ര സമ്മേളനവും നടത്തി. എന്നാല്‍, ബാങ്കുകള്‍ക്കു വേണ്ടി എന്തൊക്കെ നടപടികളായിരിക്കും സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. നവംബര്‍ ആദ്യവാരം ജി20 ഉച്ചകോടി ആരംഭിക്കുന്നതിനു മുന്‍പ് യൂറോപ്പ് അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മെര്‍ക്കല്‍. ആഗോളതലത്തില്‍, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അടിയന്തര നടപടി ഉണ്ടാകുമെന്ന് സര്‍ക്കോസി ഉറപ്പു നല്‍കി. ഫ്രഞ്ച്-ജര്‍മന്‍ ചര്‍ച്ചയുടെ പ്രധാന ഫലം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പ്പിനെവരെ ബാധിക്കുന്ന തരത്തില്‍ രൂക്ഷമായി മാറിയിരിക്കുകയാണ് സാമ്പത്തികമാന്ദ്യമെന്നാണ് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ഗ്രീസിലും അയര്‍ലണ്ടിലുമെല്ലാം തുടരുന്ന സാമ്പത്തികമാന്ദ്യം യൂറോയെ ഇല്ലാതാക്കുമെന്ന പ്രചരണങ്ങളും വ്യാപകമാണ്. അതിനിടയിലാണ് യൂറോയെ രക്ഷിക്കാനുള്ള നടപടികളുമായി യൂറോപ്യന്‍ യൂണിയനിലെ സമ്പന്ന രാജ്യങ്ങള്‍ രംഗത്തെത്തുന്നത്.
പ്രധാനമായും ഫ്രാന്‍സും ജര്‍മ്മനിയുമാണ് യൂറോയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മില്യണ്‍ കണക്കിന് യൂറോയാണ് യൂറോപ്പിന്റെ സാമ്പത്തികമാന്ദ്യം തീര്‍ക്കാന്‍ ജര്‍മ്മനിയും ഫ്രാന്‍സുമെല്ലാം ഇറക്കുന്നത്. ഈരണ്ട് രാജ്യങ്ങള്‍ ഒഴുക്കുന്നത്ര പണം മുടക്കുന്നില്ലെങ്കിലും ബ്രിട്ടണും മോശമല്ലാത്ത തുക യൂറോപ്യന്‍ യൂണിയനില്‍ ഇടുന്നുണ്ട്. ഇതെല്ലാം അതാത് രാജ്യത്തെ ജനങ്ങളുടെമേല്‍ നികുതിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന തുകകൊണ്ടാണ് എന്നത് വേറെകാര്യം. എന്തായാലും കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ തന്നെയാണ് യൂറോപ്യന്‍ യൂണിയനിലെ സമ്പന്നരാജ്യങ്ങള്‍ ശ്രമിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലും ബെര്‍നിലില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. യൂറോസോണിലെ ബാങ്കുകളെ സഹായിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് പലതവണ തുറന്നു പറഞ്ഞിട്ടുള്ളവരാണ് ഇരുനേതാക്കന്മാരും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച യൂറോയെ രക്ഷിക്കാന്‍ കൂടുതല്‍ പണംമുടക്കണമെന്ന് യൂറോപ്യന്‍ യൂണിനിലെ സമ്പന്നരാജ്യങ്ങളോട് ആവശ്യപ്പെടാനാണ് എന്നൊരു ആഭ്യൂഹം പരക്കുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളിലെ പല പ്രധാനപ്പെട്ട ബാങ്കുകളും രൂക്ഷമായ സാമ്പത്തികമാന്ദ്യത്തെ നേരിടുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇരുരാജ്യനേതാക്കന്മാരുടെയും ചര്‍ച്ചകളുടെ വാര്‍ത്ത പുറത്തുവരുന്നത്. ബ്രിട്ടണിലെ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ്, ലോയ്ഡ്‌സ് റ്റിഎസ്ബി എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചകളെ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് കണ്ടത്.
യൂറോപ്പിനെ ബാധിച്ചിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ കൈകാര്യം ചെയ്യുന്നതിനായി 379 ബില്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. എന്നാല്‍ ഇത്ര വലിയ സാമ്പത്തിക ഉത്തേജക പാക്കേജ് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്ക് ബാധ്യതയാകുമെന്ന ആശങ്ക വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല