1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

പഴയ ചൂടന്‍ സ്വഭാവത്തിലേക്ക് തിരിച്ചെത്തിയ വെയ്ന്‍ റൂണിക്ക് അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പിന്റെ ആദ്യമത്സരം നഷ്ടമാകും. കഴിഞ്ഞ ദിവസം നടന്ന യൂറോ യോഗ്യതാമത്സരത്തില്‍ മോണ്ടിനെഗ്രോയുടെ മിയോദ്രാഗ് സ്യുദോവിച്ചിനെ തൊഴിച്ചതിന് ചുവപ്പുകാര്‍ഡ് കണ്ട റൂണിക്ക് കൂടുതല്‍ കളികളില്‍ വിലക്ക് കിട്ടുമെന്ന് ഉറപ്പാണ്. വ്യാഴാഴ്ച ചേരുന്ന യുവേഫ യോഗം റൂണിക്ക് എത്ര കളികളില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് തീരുമാനിക്കും. ഏതായാലും യൂറോയിലെ ആദ്യമത്സരം ഇംഗ്ലണ്ട് താരത്തിന് നഷ്ടമാകും.

അതിനിടെ, ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍, യൂറോ കപ്പില്‍ റൂണിയെ സൈഡ് ബെഞ്ചിലിരുത്താനും മടിക്കില്ലെന്ന് കോച്ച് ഫാബിയോ കാപ്പല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റൂണി ആദ്യ ഒന്നോ രണ്ടോ മത്സരങ്ങളിലുണ്ടാവില്ല എന്ന അടിസ്ഥാനത്തിലാകും ഇനി ടീമിനെ തയ്യാറാക്കുക. അത്തരത്തില്‍ തയ്യാറാക്കിയ ടീമിലേക്ക് പിന്നീട് തിരിച്ചുവരണമെങ്കില്‍ റൂണിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും കാപ്പല്ലോ മുന്നറിയിപ്പ് നല്‍കുന്നു. നവംബര്‍ 12-ന്‌സ്‌പെയിനുമായി നടക്കുന്ന സൗഹൃദമത്സരത്തില്‍ യൂറോയ്ക്കുള്ള തന്റെ ടീമിനെ അവതരിപ്പിക്കുമെന്നാണ് കാപ്പല്ലോ നല്‍കുന്ന സൂചന. ഈ ടീമില്‍ റൂണിക്ക് അവസരം നല്‍കുമോ എന്ന കാര്യം കോച്ച് വ്യക്തമാക്കിയിട്ടില്ല.

മൂന്ന് മത്സരങ്ങളില്‍ നിന്നുവരെ വിലക്ക് ലഭിക്കാവുന്ന ശിക്ഷയാണ് റൂണി ചെയ്തത്. എന്നാല്‍, ചുവപ്പ് കാര്‍ഡ് കിട്ടിയശേഷം ശാന്തനായി ഗ്രൗണ്ട് വിട്ട ഇംഗ്ലണ്ട് താരത്തിന്റെ നടപടിയെ മത്സരം നിയന്ത്രിച്ച ജര്‍മന്‍ റഫറി വോള്‍ഫ്ഗാങ് സ്റ്റാര്‍ക്ക് പ്രശംസിച്ചത് ചിലപ്പോള്‍ സഹായമായേക്കും. കാര്‍ഡില്‍ പ്രതിഷേധമൊന്നും കാട്ടാതെ ഗ്രൗണ്ട് വിട്ട നടപടി ശിക്ഷാനടപടി കുറച്ചേക്കുമെന്ന് സ്റ്റാര്‍ക്ക്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. റഫറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവേഫ തീരുമാനമെടുക്കുക.

രണ്ടാം തവണയാണ് ഇംഗ്ലണ്ടിനുവേണ്ടി കളിക്കുമ്പോള്‍ റൂണി ചുവപ്പ് കാര്‍ഡ് കാണുന്നത്. ഡേവിഡ് ബെക്കാം മാത്രമാണ് മുമ്പ് രണ്ട് തവണ ചുവപ്പുകാര്‍ഡ് കിട്ടിയിട്ടുള്ള ഇംഗ്ലീഷ് താരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.