1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011


പൊതുവേ നോക്കുമ്പോള്‍ ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ബ്രിട്ടനെ കരുതി പോരുന്നത് എന്നാല്‍ സമീപ കാലങ്ങളിലെ ചില സംഭവങ്ങള്‍ നല്‍കുന്ന സൂചന ബ്രിട്ടന്റെ സുരക്ഷയുടെ കാര്യം അല്പം കഷ്ടം തന്നെയാണെന്നാണ്, ഇപ്പോഴിതാ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുളവാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുന്നു ബ്രിട്ടനില്‍ ഏതാണ്ട് 200ലേറെ ചാവേര്‍ ബോംബുകള്‍ ജീവിക്കുന്നുണ്ടെന്നും രാജ്യത്തൊട്ടാകെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ തയ്യാറെടുത്തു വരികയാണെന്നും മുന്നറിയിപ്പ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സാണ് ഇവരുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടായിരം ഭീകര പ്രവര്‍ത്തകരിലാണ് ചാവേറുകളും ഉള്‍പ്പെടുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഒളിംപിക്‌സ് വേദി കൂടാതെ രാജ്യത്തെ മറ്റ് തിരക്കേറിയ പ്രദേശങ്ങളും ആക്രമണത്തിന് സാധ്യതയുള്ളവയാണെന്ന് ഇന്റലിജന്‍സിന് അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ഓപ്പറേഷന്‍ വഴി മാത്രമേ ഭീകരരെ കണ്ടെത്താനും ആക്രമണം തടയാനും സാധിക്കൂവെന്നാണ് ഇപ്പോഴത്തെ നിഗമനം. ബ്രിട്ടന്റെ ചരിത്രത്തില്‍ വിജയകരമായി ഒരു ചാവേറാക്രമണം മാത്രമേ നടന്നിട്ടുള്ളുവെങ്കിലും തുടര്‍ച്ചയായ ശ്രമങ്ങളും നിരീക്ഷണങ്ങളും വഴി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഭീകരര്‍ക്ക് സാധിക്കുമെന്നാണ് അധികൃതരുടെ ആശങ്ക.

യു.കെയിലെ എം16 ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിലും ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിച്ചതായാണ് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം മോചിപ്പിച്ച എഴുപതോളം ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായും വ്യക്തമായിട്ടില്ല.

മോചിതരായവരില്‍ 2005ല്‍ തന്റെ പതിമ്മൂന്നാം വയസ്സില്‍ ബോംബ് നിര്‍മ്മാണത്തിന് പിടിയിലായ സബ്ജീത് സിംഗ്, 2002ല്‍ തങ്ങളുടെ ഇരുപതാം വയസ്സില്‍ പിടിയിലായ റിച്ചാര്‍ഡ് റീഡ്, മൊയ്‌നുല്‍ ആബ്ദിന്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കേണ്ടവയാണെങ്കിലും തങ്ങള്‍ക്ക് അതിന് സാധിക്കാറില്ലെന്ന് പ്രൊബേഷണല്‍ ഓഫീസര്‍മാരുടെ ദേശീയ അസോസിയേഷന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.