1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

പൊതു സ്ഥലത്ത് നല്ല ഒരു ലൊക്കേഷന്‍ കണ്ടാല്‍ ഒരു ഫോട്ടോയെടുക്കാന്‍ ആര്‍ക്കും തോന്നും.എന്നാല്‍ ഇപ്രകാരം ഫോട്ടോടെയെടുക്കുന്നത് (അത് മൊബൈലില്‍ ആണെങ്കില്‍ കൂടിയും ) പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിയിലാകുമെന്ന് ഉറപ്പ്. അതിപ്പം സ്വന്തം കുട്ടിയുടെ ഫോട്ടോ ആണെങ്കിലും കുറ്റമാകുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. ആകുമെന്നാണ് ഗ്ലാസ്ഗോയില്‍ നിന്ന് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ സ്വന്തം മകളുടെ ചിത്രമെടുത്ത യുവാവായ പിതാവിനെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഭീകരവിരുദ്ധ നിയമം അനുസരിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗ്ലാസ്‌ഗോയിലെ ബ്രയ്‌ഹെഡ് ഷോപ്പിംഗ് സെന്ററില്‍ വച്ച് മകള്‍ ഹസേല്‍ ഐസ്‌ക്രീം കഴിക്കുന്നതിന്റെ ഫോട്ടോയെടുത്ത ക്രിസ് വൈറ്റ് ആണ് പൊലീസിന്റെ നോട്ടപ്പുള്ളിയായത്. വൈറ്റ് ചിത്രമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

പിന്നീട് ചോദ്യം ചെയ്യാനായി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. താന്‍ നാലു വയസുകാരിയായ തന്റെ മകളുടെ ചിത്രമാണ് എടുത്തതെന്നും അതിന് തനിക്ക് അവകാശമുണ്ടെന്നും വൈറ്റ് പൊലീസ് ഉദ്യേഗസ്ഥരെ അറിയിച്ചു. എന്നാല്‍ ഫോട്ടോയെടുക്കരുതെന്ന് ഷോപ്പിംഗ് സെന്ററില്‍ വ്യക്തമായി എഴുതി വച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഷോപ്പിംഗ് സെന്ററില്‍ വച്ച് മകള്‍ ഒരു ചെറിയ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിന്റെ ചത്രവും വൈറ്റ് എടുത്തിരുന്നു.

പിന്നീട് ഇതില്‍ രണ്ട് ഫോട്ടോകള്‍ അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. ഭീകര വിരുദ്ധ നിയമം അനുസരിച്ച് പൊലീസ് വൈറ്റിന്റെ മൊബൈല്‍ ഫോണ്‍ കണ്ടു കെട്ടി. ഇതിനിടെ വൈറ്റിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. വൈറ്റിനോട് ഈ രീതിയില്‍ പെരുമാറിയ ബ്രയ്‌ഹെഡ് ഷോപ്പിംഗ് സെന്റര്‍ ബഹിഷ്‌കരിക്കണമെന്നാണ് പലരുടെയും ആവശ്യം.

അതുകൊണ്ട് അടുത്ത തവണ പൊതു സ്ഥലത്ത് വച്ച് ഫോട്ടോ എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.ഫോട്ടോ എടുക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ്‌ എവിടെയെങ്കിലും തൂങ്ങിയിട്ടുണ്ടെകില്‍ എത്ര നല്ല ലൊക്കേഷന്‍ ആണെങ്കിലും സംയമനം പാലിക്കുക.അല്ലെങ്കില്‍ ശേഷം ഭാഗം യു കെയിലെ ജയിലില്‍ കാണേണ്ടി വരും.!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.