സ്വന്തം ലേഖകൻ: താരസംഘടനയായ അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. എറണാകുളം കലൂരാണ് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മന്ദിരത്തിന്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. സംഘടന തുടങ്ങി 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ പുതിയ കെട്ടിടത്തിൽ നിന്ന് ലഭിക്കാൻ സാധിക്കട്ടെയെന്ന് ഉദ്ഘാടന ശേഷം സംസാരിക്കവേ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയായിരുന്നു ഉദ്ഘാടനപ്രസംഗകൻ. ‘അമ്മ’ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസും ചടങ്ങിൽ നടന്നു.
2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.
അമ്മ സംഘടനയ്ക്കായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുക പ്രിയദര്ശന്. ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ടി.കെ രാജീവ് കുമാറാണ്.
അമ്മ സംഘടനയിലെ 140 താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കും. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ധനശേഖരണാര്‍ത്ഥമാണ് ചിത്രം ഒരുക്കുന്നത്. അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നു. അതിന്റെ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും. നേരത്തെ ട്വന്റി 20 എന്ന സിനിമ അമ്മ സംഘടനയ്ക്കായി ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല