പ്രസ്റ്റൺ: രൂപതയിലെ സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾത്വരിതപ്പെടുത്താൻ വിശേഷാൽ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. “ദൈവത്തിന്റെ അഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിൻ ” (2 പത്രോസ് 3:12) എന്ന തിരുവചനത്തെ അപ വാക്യമാക്കിയാണ് സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവചനം ശ്രവിക്കാനും, സ്വീകരിക്കാനും, ജീവിക്കാനും, പ്രഘോഷിക്കാനും രൂപതാംഗങ്ങളെ കൂടുതൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 27ന് (27022021) സംഘടിപ്പിക്കുന്ന സംഗമത്തിന് ‘സുവിശേഷത്തിന്റെ ആനന്ദം’ എന്നാണ് പേരിട്ടിരിക്കുന്നത്. ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സംഗമം, ഉച്ചതിരിഞ്ഞ് 1.30മുതൽ 5.00വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ സുവിശേഷവത്കരണത്തിൽ വിശ്വാസികൾക്കുള്ള പങ്കിനെക്കുറിച്ചും സുവിശേഷം പകരാനുള്ള സമകാലിക മാർഗങ്ങളെ കുറിച്ചും പ്രമുഖർ നയിക്കുന്ന വചനശുശ്രൂഷയാണ് സംഗമത്തിന്റെ മാറ്റ് കൂട്ടുന്ന സുപ്രധാന ഘടകം. പ്രമുഖ വചനപ്രഘോഷകരായ ഫാ. ജോർജ് പനയ്ക്കൽ വി.സി., ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമനിക് വാളന്മനാൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. മാതൃ വയലാമണ്ണിൽ സി.എസ്.ടി., സിസ്റ്റർ ആൻ മരിയ എസ്.എച്ച്., ഷെവലിയർ ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ. ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, സന്തോഷ് ടി., സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവെച്ചു സംസാരിക്കും. പ്രോട്ടോസിഞ്ചലുസ് മോൺസിഞ്ഞാർ ഡോ: ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററും സിഞ്ചലുസ് മോൺസിഞ്ഞാർ ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപതാ സുവിശേഷവത്കരണ കമ്മീഷൻ കോർഡിനേറ്റർ ഡോ: ജോസി മാത്യു കൃതജ്ഞതയും പ്രകാശിപ്പിക്കും.
വളരെ സുപ്രധാനമായ ഈ കൂട്ടായ്മയിൽ രൂപതയിലെ വൈദികരും, സമർപ്പിതരും, അൽമായസമൂഹവും പങ്കെടുക്കണമെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. കൂടാതെ, രൂപതയുടെ സുവിശേഷവത്ക്കരണ ശുശ്രൂഷകളെ ത്വരിതപ്പെടുത്താൻ ഒരോ ഇടവകയിൽനിന്നും മിഷൻ സെന്ററുകളിൽനിന്നും നാല് അൽമായ പ്രതിനിധികളെവീതം തിരഞ്ഞെടുക്കണമെന്നും സർക്കുലറിലൂടെ മാർ | സ്രാമ്പിക്കൽ നിർദ്ദേശിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന്റെ അടയാളമായ ഈ പ്രേക്ഷിത സമ്മേളനത്തിനുവേണ്ടി ഏവരും മാദ്ധ്യസ്ഥം പ്രാർത്ഥിക്കണം എന്നും ബിഷപ്പ് ജോസഫ് ഉത്ബോധിപ്പിച്ചു.
“ഉത്ഥിതനായ ഈശോയെ കണ്ടുമുട്ടിയതിന്റെ ആനന്ദമാണ് ലോകമെങ്ങും സുവിശേഷമറിയിക്കാൻ ശ്ലീഹന്മാരെ പ്രേരിപ്പിച്ചത്. ബനഡിക്ട് 16ാമൻ മാർപാപ്പ പറഞ്ഞതുപോലെ ശ്ലീഹന്മാരെ ശക്തരാക്കുകയും സുവിശേഷകരാക്കുകയും ചെയ്ത അതേ റൂഹാദ്ദ്ശാ തന്നെയാണ് ഈ കാലഘട്ടത്ത സുവിശേഷവത്ക്കരിക്കാൻ തിരുസഭയെ നയിക്കുന്നത്. ഈ ബോധ്യത്തോടെ സുവിശേഷ വെളിച്ചം സ്വജീവിതത്തിൽ സ്വീകരിക്കാനും മറ്റുള്ളവരിലേക്ക് പകരാനും നാം ശ്രമിക്കണം,” എന്നും മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല