സ്വന്തം ലേഖകൻ: മാനദണ്ഡങ്ങൾ പാലിക്കാതെ ജുൽഫാർ കമ്പനി പുറത്തിറക്കിയ ഏതാനും മരുന്നുകൾ അബുദാബി ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ബാക്ടീരിയൽ അണുബാധയ്ക്കു നൽകുന്ന ജുൽമെന്റിൻ 375എംജി, കഫക്കെട്ടിനുള്ള മ്യൂകോലൈറ്റ് സിറപ്പ്, ശ്വാസംമുട്ടലിനുള്ള ബ്യൂടാലിൻ 2, 4 എംജി, കൊളസ്ട്രോളിനുള്ള ലിപിഗാർഡ് 10എംജി, വയറുവേദനയ്ക്കുള്ള സ്കോപിനാൽ സിറപ്, പൈൽസിനുള്ള സുപ്രപ്രോക്ട്–എസ്, ഗ്യുപിസോൺ 20എംബി എന്നിവയാണ് പിൻവലിച്ചത്.
നേരത്തെ കുട്ടികൾക്കായി നൽകിയിരുന്ന പ്രോഫിനാൽ മരുന്നും പിൻവലിച്ചിരുന്നു. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മേൽപറഞ്ഞ മരുന്നുകൾ ഉപയോഗിക്കരുതെന്നും ഇതിനകം ഉപയോഗിച്ചവർക്ക് എന്തെങ്കിലും പാർശ്വഫലം ഉണ്ടെങ്കിൽ ഇ–മെയിലിലോ (pv@moh.gov.ae) സ്മാർട് ആപ്പിലോ (UAE RADR)ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജുൾഫാർ നിർമിച്ച എട്ടു മരുന്നുകൾകൂടി വിപണിയിൽനിന്ന് പിൻവലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയവും നിർദേശം നൽകി. മുക്യോലിറ്റ് സിറപ്പ്, സപ്രാപ്രോക്ട്-എസ് സുപ്പോസിറ്ററീസ്, ജൽമെൻറിൻ 375 ഗ്രാം ടാബ്ലെറ്റ്, ബറ്റാലിൻ രണ്ട് മില്ലിഗ്രാം ഗുളിക, ബറ്റാലിൻ നാല് മില്ലിഗ്രാം ഗുളിക, ജൽമെൻറിൻ ഫോർെട്ട ഗുളിക, സ്കോപിനാൽ സിറപ്പ്, ലിപിഗാർഡ് പത്ത് മില്ലിഗ്രാം ടാബ്ലെറ്റ് എന്നിവയാണിവ.
ഈ മരുന്നുകൾ അടിയന്തിരമായി വിപണിയിൽനിന്ന് പിൻവലിക്കാനാണ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിൻ്റെ നിർദേശം. എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും മെഡിക്കൽ ഷോപ്പുകളിൽനിന്നും മരുന്നുകൾ തിരിച്ചെടുക്കാനും മന്ത്രാലയം വിതരണക്കാർക്ക് നിർദേശം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല