സ്വന്തം ലേഖകൻ: വ്യാജ ജോലി വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ കുറിപ്പിട്ടാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റിനും ഇടപാടുകൾക്കുമായി സേഹയുടെയും ഇതര ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിശദീകരണം.
സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജോലിക്കായി ഔദ്യോഗിക വെബ്സൈറ്റിൽ (www.seha.ae/careers) നേരിട്ടു അപേക്ഷിക്കാമെന്നും വ്യക്തമാക്കുന്നു. വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ആവശ്യപ്പെട്ടു.
അതിനിടെ ദേശീയ തപാൽ കമ്പനിയുടെ പേരിൽ പുതിയ തട്ടിപ്പ്. ഷിപ്മെന്റ് അയച്ചിട്ടുണ്ടെന്നും താഴെയുള്ള ലിങ്കിൽ പ്രവേശിച്ച് 12.15 ദിർഹം അടയ്ക്കാനും നിർദേശിച്ച് ഇ–മെയിൽ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ പ്രവേശിച്ച് പണം അടയ്ക്കാനായി നൽകുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പറും കോഡും കൈക്കലാക്കുന്ന സംഘം അക്കൗണ്ടിൽ നിന്നോ ക്രെഡിറ്റ് കാർഡിൽ നിന്നോ പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അയയ്ക്കുന്ന ഒടിപി പാഴ്സലുമായി ബന്ധപ്പെട്ടതാണെന്നു മനസ്സിലാക്കി പറഞ്ഞുകൊടുക്കുന്നവർ തട്ടിപ്പാണെന്നു തിരിച്ചറിയുമ്പോഴേക്കും അക്കൗണ്ടും കാർഡും ശൂന്യമായിരിക്കും. പാർസൽ സ്വീകരിക്കാനായി ആർക്കും ഇ–മെയിൽ അയയ്ക്കാറില്ലെന്നും ഫോൺ ചെയ്താണ് വ്യക്തികളെ അറിയിക്കുന്നതെന്നും എമിറേറ്റ്സ് പോസ്റ്റ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല