സമൂഹത്തിലെ കൂടുതല്‍ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ യുഎസിലെ സാമ്പത്തിക അസമത്വത്തിനെതിരെയുള്ള പ്രക്ഷോഭം പടരുന്നു. ഇതിനിടെ രാഷ്ട്രീയ കക്ഷി നേതാക്കളും ഇരുപക്ഷത്തുമായി നിരന്നുതുടങ്ങി. ‘വോള്‍ സ്ട്രീറ്റ് കയ്യടക്കൂ എന്ന പ്രസ്ഥാനമാണു സമരത്തിനു നേതൃത്വം നല്‍കുന്നത്. ‘വാള്‍ സ്ട്രീറ്റ് അധിനിവേശം’ എന്നു പേരിട്ടിരിക്കുന്ന വിചിത്ര പ്രക്‌ഷോഭമാണ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. വാള്‍സ്ട്രീറ്റിനെതിരായ പ്രക്ഷോഭം സെപ്തംബറില്‍ ആരംഭിച്ച സമരമിപ്പോള്‍ 23 ദിവസം പിന്നിട്ടു കഴിഞ്ഞു. ഓഹരി വിപണിയുടെ ചൂതാട്ടത്തിനെതിരെയും രാജ്യത്തെ ഭരണത്തില്‍ കുത്തക കമ്പനികളുടെ അമിത സ്വാധീനത്തിനെതിരെയും, കടുത്ത സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയുമാണ് വാള്‍ സ്ട്രീറ്റ് അധിനിവേശം നടക്കുന്നത്.
ലൊസാഞ്ചല്‍സിനു പുറമെ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ഫിലഡല്‍ഫിയ, ഫ്ലോറിഡ, ഷിക്കാഗോ, ടാംപ, ഒറിഗണ്‍, ബോസ്റ്റന്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്കു വ്യാപിച്ച പ്രക്ഷോഭത്തില്‍ അധ്യാപകര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ പങ്കെടുത്തുതുടങ്ങി. ഷിക്കാഗോയില്‍ ബാങ്കര്‍മാരുടെയും അവധിക്കമ്പോള ഇടപാടുകാരുടെയും യോഗം നടക്കുന്ന മന്ദിരങ്ങള്‍ക്കു മുന്നില്‍ ‘സ്റ്റാന്‍ഡ് അപ് ഷിക്കാഗോ എന്ന പേരില്‍ ആയിരക്കണക്കിനു പ്രക്ഷോഭകര്‍ ഒത്തുകൂടി. നഷ്ടപ്പെട്ട ജോലി, വീട്, വിദ്യാഭ്യാസം എന്നിവ തിരിച്ചുപിടിക്കുകയാണു ലക്ഷ്യമെന്ന് അവര്‍ അറിയിച്ചു.
സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ഒബാമസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെതന്നെ ശക്തമാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും കുത്തകകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായകമായ നടപടികള്‍ തുടരുകയും ചെയ്യുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
നിയോലിബറല്‍ല്‍ നയങ്ങള്‍ക്കു കീഴിലുണ്ടായിട്ടുള്ള ഭയാനകമായ സാമ്പത്തിക അസമത്വം വാള്‍ സ്ട്രീറ്റിനെ തകര്‍ത്തുവെന്നാണ് സമരക്കാര്‍ പറയുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറിയതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സാമൂഹിക അസമത്വം അവസാനിപ്പിക്കണമെന്നും ആഗോളതാപനത്തിനെതിരെ ഫലപ്രദമായ നടപടികള്‍ വേണമെന്നും പ്രക്ഷോഭകര്‍ ഫറയുന്നു.
ഈജിപ്തില്‍ നടന്ന മുല്ലപ്പൂ വിപ്ലവം പോലെ ജനകീയ സമരം ലോകമെങ്ങും വ്യാപിപ്പിക്കാനാണ് അധിനിവേശ പ്രവര്‍ത്തകരുടെ തീരുമാനം. ഇന്റര്‍നെറ്റിലൂടെയും പിന്നീട് ബദല്‍ മാധ്യമങ്ങളിലൂടെയും അവസാനം മുഖ്യധാരാ മാധ്യമങ്ങളിലൂടെയുമാണ് വാള്‍ സ്ട്രീറ്റ് അധിനിവേശത്തിന്റെ പ്രചാരണം നടക്കുന്നത്.
ഞങ്ങളാണ് 99% എന്ന മുദ്രാവാക്യം മുഴക്കി ഷിക്കാഗോ ബോര്‍ഡ് ഒാഫ് ട്രേഡ്, ഷിക്കാഗോ ഫെഡറല്‍ റിസര്‍വ് ബാങ്ക് എന്നിവയ്ക്കു മുന്നിലും പ്രകടനം നടത്തി.അടുത്ത ദിവസങ്ങളിലും പ്രകടനങ്ങള്‍ തുടരാനാണു തീരുമാനം. ഷിക്കാഗോ കയ്യടക്കൂ, ഉണരൂ ഷിക്കാഗോ തുടങ്ങി അനവധി ചെറുസംഘങ്ങള്‍ ‘സ്റ്റാന്‍ഡ് അപ് ഷിക്കാഗോയോടൊത്തു പ്രവര്‍ത്തിക്കുന്നു. ബോസ്റ്റനില്‍ നൂറോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ തമ്പുകള്‍ സ്ഥാപിച്ച് ഇരിപ്പുറപ്പിച്ച ‘പിടിച്ചടക്കൂ ബോസ്റ്റന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രദേശത്തേക്കു കുത്തിയിരിപ്പു വ്യാപിപ്പിച്ചതോടെ തമ്പുകള്‍ വലിച്ചുതാഴെയിട്ടു പൊലീസ് രംഗത്തിറങ്ങി.
വന്‍കിട കമ്പനികളെ സഹായിക്കാന്‍ മാത്രം സന്നദ്ധത കാട്ടിയ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനു പ്രക്ഷോഭകര്‍ വാഷിങ്ടണില്‍ കഴിഞ്ഞ ദിവസവും പ്രകടനം നടത്തി. ‘പിടിച്ചടക്കൂ ഡിസി എന്ന പേരില്‍ സംഘടിച്ച ഇവര്‍ക്കും പിന്തുണ ഏറിവരുകയാണ്. ഇതിനിടെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ള ഹെര്‍മന്‍ കെയ്ന്‍ ഇത് അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനമാണെന്നു കുറ്റപ്പെടുത്തി. ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് നാന്‍സി പെലോസിയാകട്ടെ ജനങ്ങള്‍ നല്‍കുന്ന സന്ദേശം സ്വാഗതാര്‍ഹമാണെന്നു പറഞ്ഞു.
അമേരിക്കന്‍ ഓഹരിവിപണിയെ ഉടച്ചുവാര്‍ക്കുന്ന വാള്‍ സ്ട്രീറ്റ് പരിഷ്‌കരണ ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം കഴിഞ്ഞ വാരം അംഗീകാരം നല്‍കിയിരുന്നു. 1930ലെ വാള്‍ സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന പരിഷ്‌കരണ പദ്ധതിക്ക് ഉണര്‍വേകുന്നതാണ് ഈ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല