1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

ഇന്റര്‍നെറ്റ് ആധുനിക മനുഷ്യന്‍റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നാണ്. കണ്ടുപിടുത്തങ്ങളിലെ രാജാവ് എന്ന് വിളിച്ചാലും തെറ്റില്ലെന്ന് തോന്നുന്നു. ലോകത്തിലെ ഏത് കോണില്‍ ഉള്ളവര്‍ക്കും പരസ്പരം ബന്ധപ്പെടാനും എന്ത് കാര്യത്തെക്കുറിച്ച് അറിയാനും സാധിക്കുന്ന കാര്യമാണ് ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നത്. എന്നാല്‍ മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ ഇന്റര്‍നെറ്റില്‍ തട്ടിപ്പ് കൂടാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയത്. നൈജീരിയായില്‍ ഇരുന്നുകൊണ്ട് കേരളത്തിലെ ഏതെങ്കിലും ഒരു ഗ്രാമത്തിലെ പാവംപിടിച്ചവനെ കൊള്ളയടിക്കാമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ധാരാളം കഥകളാണ് ഓരോ ദിവസവും മാദ്ധ്യമങ്ങളില്‍ വരുന്നത്. വന്‍ തട്ടിപ്പ് സംഘങ്ങള്‍ പലപ്പോഴായി കേരളത്തില്‍നിന്ന് തട്ടിയെടുത്ത പണത്തിന്റെ കണക്ക് നോക്കിയാല്‍ അത് കോടിക്കണക്കിന് വരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതാ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ ചില ഉദാഹരണങ്ങള്‍..

പേപാല്‍ തട്ടിപ്പ്

ഇന്റര്‍നെറ്റില്‍ നടക്കുന്ന ഏറ്റവും തട്ടിപ്പുകളിലൊന്നാണ് പേപാല്‍ തട്ടിപ്പ്. കാര്യം എന്താണെന്ന് ചോദിച്ചാല്‍ വളരെ നിസാരമാണ്. നിങ്ങള്‍ എന്തെങ്കിലും വാങ്ങാനോ സേവനം ഉപയോഗിക്കാനോ തീരുമാനിച്ചാല്‍ നിങ്ങളോട് പേപാല്‍ അക്കൗണ്ട് ചോദിക്കും. ഇന്റര്‍നെറ്റിലെ ഉപഭോക്താക്കള്‍ക്കുള്ള ഒരു അക്കൗണ്ടാണ് പേപാല്‍ അക്കൗണ്ട്. ഇതുവഴി നിങ്ങളുടെ യഥാര്‍ത്ഥ അക്കൗണ്ടില്‍നിന്ന് എത്രരൂപ വേണമെങ്കിലും തട്ടിയെടുക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നതാണ് കാര്യം.

കോടീശ്വരന്‍റെ തട്ടിപ്പ്

ഈ വാര്‍ത്തയുടെ ആദ്യം പറഞ്ഞ കോടീശ്വരന്‍റെ തട്ടിപ്പാണ് ഇന്റര്‍നെറ്റ് തട്ടിപ്പുകളില്‍ പ്രധാനം. ഞാന്‍ നൈജീരിയായിലെ ഒരു രാജകുമാരിയാണ്. ആഭ്യന്തരകലഹം രൂക്ഷമായ എന്റെ രാജ്യത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഞാന്‍. എന്നാല്‍ എന്റെ സ്വത്തുക്കള്‍ എന്ത് ചെയ്യണമെന്ന് അറിയില്ല. അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിത്തരാം. അതിന്റെ നടപടി ക്രമങ്ങള്‍ക്കായി കുറച്ച് പൗണ്ടോ ഡോളറോ അയച്ചുതരാമോ? അതുവഴി നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് ഇത്ര മില്യണ്‍ ഡോളറായിരിക്കും എന്നൊരു മെയില്‍ വന്നാല്‍ സൂക്ഷിക്കുക. അത് തട്ടിപ്പായിരിക്കും.

തൂക്കം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സൈറ്റുകള്‍

നിങ്ങളുടെ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സൈറ്റുകള്‍ വലിയ തട്ടിപ്പാണ് നടത്തുന്നത്. ഒരുമാസം കൊണ്ട് നിങ്ങളുടെ ശരീരഭാരത്തില്‍നിന്ന് ഇരുപത് കിലോ കുറയ്ക്കാമെന്ന് പറയും. പക്ഷേ നൂറ് ഡോളര്‍ ഇടേണ്ടിവരും. നൂറ് ഡോളര്‍ ഇട്ടാലും ശരീരത്തില്‍നിന്ന് ഇരുപത് കിലോ കുറയുമെങ്കില്‍ അത് നടക്കട്ടെയെന്നായിരിക്കും സാധാരണ ആളുകള്‍ ശ്രമിക്കുക.

തൂക്കം കുറയ്ക്കുമെന്ന് പറഞ്ഞ വെബ്സൈറ്റില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍തന്നെ സെല്‍ഫോണിലേക്ക് ഒരു കോള്‍ വന്നു. വിശദമായി സംസാരിച്ചയാള്‍ അമ്പത് ഡോളറാണ് ആവശ്യപ്പെട്ടത്. വെബ്സൈറ്റില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അമ്പത് ഡോളര്‍ ഇടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഒരുവിളിയുമില്ല, അനക്കവുമില്ല. അമ്പത് ഡോളര്‍ കൈയ്യില്‍നിന്ന് പോയതിന്റെ മാനസിക വിഷമത്തില്‍ അല്പസ്വല്പം ശരീരഭാരം കുറഞ്ഞതുമാത്രം മിച്ചം.

ജസ്റ്റിസ് വകുപ്പിലെ പ്രതിനിധി

സര്‍ക്കാരിന്റെ ജസ്റ്റിസ് വകുപ്പിലെ പ്രതിനിധിയെന്ന് പറഞ്ഞ് വിളിച്ചാണ് ഏറ്റവും അത്ഭുതപ്പെടുത്തിയ തട്ടിപ്പെന്ന് ഒരു ഇര പ്രതികരിക്കുന്നു. ഒരുദിവസം ജസ്റ്റിസ് വകുപ്പില്‍നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുന്നു. ആ വിളിച്ച സ്ത്രീയുടെ ഇംഗ്ലീഷ് ഉച്ചാരണം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകാന്‍ സാധ്യതയില്ല. അത് മനസിലാക്കുന്ന അവള്‍ നിങ്ങള്‍ക്ക് ഒരു നമ്പര്‍ തരാന്‍ സാധ്യതയുണ്ട്. നീതിന്യായ വകുപ്പില്‍നിന്നായതുകൊണ്ട് നിങ്ങള്‍ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്. തിരിച്ചുവിളിച്ചാല്‍ നിങ്ങളുടെ കാര്യം പോക്കാണെന്ന് മാത്രം പറയാം. കാരണം. തിരിച്ചുവിളിച്ചാല്‍ മറുപുറത്തുള്ളയാള്‍ നിങ്ങളുടെ അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെടും. അതോടെ കാര്യങ്ങള്‍ അവസാനിക്കുന്നു. ഏതോ നാട്ടിലെ ഏതോ ഒരുത്തന്‍ നിങ്ങളുടെ പണം കൊണ്ട് പുട്ടടിച്ചെന്ന് കരുതിയാല്‍ മതി.!

ടാക്സ്‌ റീഫണ്ട് തട്ടിപ്പ്

യുകെയിലും മറ്റും വ്യാപകമായ തട്ടിപ്പാണ് ടാക്സ്‌ റീഫണ്ട് തട്ടിപ്പ്.നിങ്ങള്‍ക്ക് ഇത്ര പൌണ്ട് ടാക്സ്‌ റീഫണ്ട് ഉണ്ട് എന്ന് പറഞ്ഞ് ഇമെയില്‍ അല്ലെങ്കില്‍ ഫോണ്‍കോള്‍ വരുന്നു.പണം തിരികെ ഇടാന്‍ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ചോദിക്കുന്നു.കൊടുക്കുന്നവരുടെ അക്കൌണ്ട് എപ്പം കാലിയായി എന്ന് ചോദിച്ചാല്‍ മതി.ടാക്സ്‌ റീഫണ്ട് ഉണ്ടെങ്കില്‍ അത് സംബന്ധിച്ച അറിയിപ്പ്‌ പോസ്റ്റില്‍ മാത്രമേ വരുകയുള്ളൂ എന്ന സത്യം മനസിലാക്കുക.

ജോലി തട്ടിപ്പ്

എല്ലാ നാട്ടിലും ഉള്ള ഒരു തട്ടിപ്പാണ് ജോലിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ്. എല്ലാവര്‍ക്കും ഏത് നാട്ടില്‍ ഉള്ളവര്‍ക്കും ജോലി ആവശ്യമുള്ളതുകൊണ്ട് എല്ലാവരും ജോലി അന്വേഷിച്ചുകൊണ്ടിരിക്കും. തട്ടിപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലും വെബ്സൈറ്റില്‍ കയറി വേറുതെ ഇമെയില്‍ കൊടുത്താല്‍ മാത്രം മതി.

ലണ്ടനിലേക്കുള്ള ജോലിയുടെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചുകൊണ്ടുള്ള മെയില്‍ വരും. കൂട്ടത്തില്‍ നിങ്ങളുടെ അക്കൗണ്ട് നമ്പരും കാര്യങ്ങളും പൂരിപ്പിക്കാന്‍വേണ്ടിയുള്ള ആപ്ലിക്കേഷന്‍ ഫോമും കാണും. അതില്‍ കാര്യങ്ങളെല്ലാം എഴുതിയിട്ട് കാത്തിരുന്നാല്‍ മതി. ജോലിയുമായി ആള് നിങ്ങളുടെ വീട്ടില്‍വന്നോളും. ഇടയ്ക്ക് അക്കൗണ്ടില്‍ കയറി നോക്കിയേക്കണം. എത്ര രൂപയാണ് അവര്‍ കൊണ്ടുപോയതെന്ന് കൃത്യമായി അറിയണമെങ്കില്‍ അക്കൗണ്ടില്‍ നോക്കാതെ രക്ഷയില്ലല്ലോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.