സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിമിത്തം നീട്ടിവച്ച കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനും അവസരം ലഭിച്ചതായി റിപ്പോർട്ട്. എന്നാൽ മറ്റു തിരക്കുകൾ കാരണം ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഈ വർഷം ജൂൺ 11നാണ് തുടങ്ങുന്നത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ കൊളംബിയ, അർജന്റീന എന്നീ രണ്ടു രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യയ്ക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
ഇത്തവണ ടൂർണമെന്റിൽ അതിഥി ടീമുകളായി പങ്കെടുക്കേണ്ടിയിരുന്ന ടീമുകളായ ഓസ്ട്രേലിയയും ഖത്തറും പിൻമാറിയ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിന് അവസരമൊരുങ്ങിയത്. ടൂർണമെന്റിൽനിന്ന് പിൻമാറിയ ഓസീസ് ടീം, പകരം ഇന്ത്യൻ ടീമിന്റെ പേരാണ് കോപ്പ അമേരിക്ക ഫുട്ബോളിന്റെ സംഘാടകർക്കർക്കു മുന്നിൽ നിർദ്ദേശിച്ചത്.
“ഇത്തവണ കോപ്പ അമേരിക്ക ടൂർണമെന്റിലേക്ക് ഏഷ്യൻ ടീമുകളായ ഓസ്ട്രേലിയയ്ക്കും ഖത്തറിനും ക്ഷണം ലഭിച്ചിരുന്നു. മറ്റു തിരക്കുകൾ ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അവസരം നൽകുന്നതിനെക്കുറിച്ച് ഇന്ത്യൻ അധികൃതരുമായും ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനുമായും ഓസ്ട്രേലിയ ചർച്ച നടത്തിയിരുന്നു. ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കാൻ ഫെഡറേഷനും സമ്മതമായിരുന്നു,“ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കാര്യം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ജൂണിലേക്ക് നീട്ടിയ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിന് ക്ഷണം സ്വീകരിക്കാൻ സാധിക്കാതെ പോയതെന്നാണ് റിപ്പോർട്ട്.
ഇത്തവണ ഇന്ത്യയെ പങ്കെടുപ്പിക്കാൻ സംഘാടകർ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഭാവിയിൽ ഇന്ത്യൻ ടീമിന് കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും സ്റ്റിമാച്ച് പ്രകടിപ്പിച്ചു.
“ഞങ്ങളെല്ലാം വളരെ ആവേശത്തിലായിരുന്നു. ഓസ്ട്രേലിയയ്ക്ക് പകരം കോപ്പ അമേരിക്ക ഫുട്ബോളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ്. അത് യാഥാർഥ്യമായിരുന്നെങ്കിൽ മികച്ചൊരു അനുഭവമാകുമായിരുന്നു. ഭാവിയിൽ നമുക്കു വീണ്ടും ക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ,“ സ്റ്റിമാച്ച് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല