സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കായി ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. സമഗ്രവും ഉയർന്ന നിലവാരത്തിലുമുള്ള ആരോഗ്യ സംവിധാനം ജനങ്ങൾക്ക് നൽകുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്നതിന് പുറമേ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികൾ, നയങ്ങൾ, നടപടിക്രമങ്ങൾ, സംവിധാനങ്ങൾ, വ്യവസ്ഥകൾ എന്നിവ ഉറപ്പാക്കുക, ആരോഗ്യ സേവനങ്ങളിൽ രോഗികളുടെ അവകാശങ്ങളും ചുമതലകളും നിർണയിക്കുക, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൗരന്മാർക്ക് സൗജന്യ ആരോഗ്യ സേവനം നൽകുക എന്നിവയാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് പഠനത്തിനായി താൽക്കാലിക ലൈസൻസ് നൽകുന്നതിനുള്ള പുതുക്കൽ ഫീസിൽ നിന്നും ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനം നടത്തുന്നവരെ ഒഴിവാക്കാനുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അനുമതി നൽകി.
പുതിയ വ്യവസ്ഥ മാർച്ച് 3 മുതൽ ഓഗസ്റ്റ് 1 വരെയാണ് പ്രാബല്യത്തിൽ ഉണ്ടാകുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്രൈവിങ് സ്കൂൾ അടച്ചിടേണ്ടി വന്ന സമയങ്ങളിൽ താൽക്കാലിക ലൈസൻസ് എടുക്കാനുള്ള പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്ന ഡ്രൈവിങ് വിദ്യാർഥികൾക്ക് മാത്രമാണ് പുതിയ ഉത്തരവ് ബാധകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല