സ്വന്തം ലേഖകൻ: “സ്വാർഥരാകരുത്, മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും വാക്സിനെടുക്കൂ,“ എലിസബത്ത് രാജ്ഞിയുടെ ഈ വാക്കുകളാണ് ബ്രിട്ടനിൽ ഇന്ന് തരംഗമാകുന്നത്. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തുടക്കത്തിലുണ്ടായിരുന്ന ചടുലത മറന്ന് ചിലയിടങ്ങളിലെങ്കിലും പിന്നോക്കം പോകുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്ഞിയുടെ നിർണായക ഇടപെടൽ.
സ്വന്തം ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിക്കാത്ത രാജ്ഞി, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നവരുമായുള്ള ഒരു വീഡിയോ ചർച്ചയ്ക്കിടെയാണ് വാക്സിനേഷൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.
ജനുവരിയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച രാജ്ഞി സ്വന്തം അനുഭവത്തെക്കുറിച്ചും പരാമർശിച്ചു. വാക്സിൻ സ്വീകരിച്ച തനിക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും, ഈ പ്രതിരോധ മരുന്ന് തികച്ചും നിരുപദ്രവകാരിയാണെന്നും പറഞ്ഞു. “ഒരിക്കൽ വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ ഒരു തോന്നൽ ഉണ്ടാകും, നിങ്ങൾക്കറിയാം, സംരക്ഷണം ലഭിച്ചിരിക്കുന്നു. ഇത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു,“ രാജ്ഞി കൂട്ടിച്ചേർത്തു.
വാക്സിൻ വിതരണത്തിൻ്റെ ചുമതലയുള്ള എൻഎച്ച്എസ് ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിൽ വാക്സിനെടുക്കാൻ മടിക്കുന്നവർ “തങ്ങളെക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കണമെന്ന്“ രാജ്ഞി ആഹ്വാനം ചെയ്തു. കോവിഡിനെ പ്ലേഗിനോട് ഉപമിച്ചുകൊണ്ട്, വാക്സിനേഷൻ പരിപാടി എത്ര വേഗത്തിൽ നടപ്പാക്കുന്നു എന്നത് നിർണായകമാണെന്നും രാജ്ഞി ഓർമ്മിപ്പിച്ചു.
പൊതുവെ വിവാദ വിഷയങ്ങളിൽ രാജ്ഞി കർശനമായ ഒരു നിലപാട് സ്വീകരിക്കുന്നത് വളരെ അപൂർവമാണെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല രാജ്ഞിയുടെ പരസ്യ പരാമർശങ്ങൾ വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയമായിട്ടാണ് ആരോഗ്യ വിഭാഗവും കാണുന്നത്. നിരവധി വെല്ലുവിളികൾ നേരിടുന്ന വാക്സിൻ വിതരണത്തിന് രാജ്ഞിയുടെ വാക്കുകൾ പ്രധാനപ്പെട്ട ഒരു വിശ്വാസ വോട്ടായി മാറിയതായി എൻഎച്ച്എസ് വാക്സിൻ മേധാവി പറഞ്ഞു.
അതിനിടെ ടവർ ഹാംലെറ്റുകൾ, ഹാക്ക്നി, ന്യൂഹാം എന്നിവയുൾപ്പെടെ മുതിർന്നവരിൽ അഞ്ചിൽ ഒരാൾക്ക് മാത്രമേ വാക്സിൻ്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുള്ളൂവെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 25 വരെയുള്ള കണക്കുകൾ പ്രകാരം മുതിർന്നവക്കിടയിൽ ഏറ്റവും കുറഞ്ഞ അനുപാതത്തിൽ കുത്തിവയ്പ് നടത്തിയ ഇംഗ്ലണ്ടിലെ 15 മേഖലകളെല്ലാം ലണ്ടനിലാണ്.
നോട്ടിംഗ്ഹാം, മാഞ്ചസ്റ്റർ എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലും വാക്സിനേഷൻ നിരക്ക് കുറവാണ്. വംശീയ ന്യൂനപക്ഷങ്ങൾക്കിടയിൽ വാക്സിൻ നിരക്ക് കുറയുന്നതും മറ്റൊരു പ്രധാന തലവേദനയാണ്. വംശീയ ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ആദ്യ ഡോസ് ലഭിച്ച 70 വയസിന് മുകളിൽ പ്രായമുള്ളവർക്കരുടെ എണ്ണവും ആശങ്കപ്പെടുത്തും വിധം താഴ്ന്നു നിൽക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല