ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): സുവിശേഷ പ്രഘോഷണം എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു പ്രവർത്തിയാണ്. മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ പകർന്നു നൽകുക എന്നത് ഓരോരുത്തരുടെയും ദൗത്യമാണ് .മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാൻ കഴിയുന്നതാണ് സുവിശേഷത്തിന്റെ യഥാർത്ഥ ആനന്ദം.
സുവിശേഷത്തിന്റെ ഈ ആനന്ദമറിയുവാൻ സ്വന്തം ജീവിത സാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സുവിശേഷവത്കരണം കാരുണ്യത്തിന്റെ പ്രവർത്തനമാണെന്നും മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടുന്ന രീതിയിൽ സുവിശേഷവത്കരണം നടത്താൻ സാധിക്കുമ്പോഴാണ്, ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം പ്രാവർത്തികമാകുന്നതെന്നും കർദിനാൾ ഓർമിപ്പിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ ഒരുക്കിയ “സുവിശേഷത്തിന്റെ ആനന്ദം എന്ന “സുവിശേഷ വൽക്കരണ മഹാസംഗമം “ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മൾ പഠിച്ചകാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഉദാരമായി നൽകുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്. ശിഷ്യപ്പെടുത്തുക എന്ന പ്രബോധനമാണ് സുവിശേഷത്തിന്റെ ഈ പങ്കുവയ്ക്കലിലൂടെ വിശ്വാസികൾ ചെയ്യുന്നത്. ആരെയും നിർബന്ധിച്ചോ പ്രേരിപ്പിച്ചോ സ്വാധീനിച്ചോ അല്ല, മറിച്ച് സുവിശേഷത്തിന്റെ ആനന്ദത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുക എന്നതാണ് ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം അർത്ഥ മാക്കുന്നത്. മറ്റുള്ളവരെ ബോധ്യപ്പെടുത്തുമ്പോഴാണ് സുവിശേഷം ആനന്ദകരമായ അനുഭവമായി മാറുന്നത്.
ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടത്. നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുതാത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ല . പ്രസംഗത്തേക്കാൾ സുവിശേഷം പ്രാവർത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. ഇത്തരത്തിലുള്ള ആകർഷണത്തിന്റെ സുവിശേഷമാണ് യഥാർത്ഥ ആനന്ദം നൽകുന്നത്.സമൂഹത്തിൽ മറ്റുള്ളവർക്കവേണ്ടി നമ്മളെത്തന്നെ സമർപ്പിക്കണം. ഈ സമർപ്പണം കൂടുതലായി വേണ്ട കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. സുവിശേഷവൽകരണം കാരണ്യത്തിന്റെ പ്രവർത്തനമാകണം. കാരുണ്യപ്രവർത്തികളിൽനിന്നും നന്മയിൽനിന്നും നമുക്കുണ്ടാകുന്ന സന്തോഷമാണ് സുവിശേഷത്തിന്റെ ആനന്ദം.സമ്പത്തുണ്ടെങ്കിലും ആത്മാവിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. സുവിശേഷവുമായി ഇവരെ തേടിപ്പോകണമെന്നും കർദിനാൾ വിശ്വാസികളോട് അഭ്യർഥിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അധ്യക്ഷൻബിഷപ് മാർ . ജോസഫ് സ്രാമ്പിക്കൽ മഹാസംഗമത്തിന് അധ്യക്ഷത വഹിച്ചു. “സന്തോഷത്തിന്റെ വാർത്തയായ സുവിശേഷം വെളിപാടായാണ് നമുക്ക് ലഭിച്ചിരിക്കുന്നത് .ഈ സന്തോഷത്തിന്റെ പേരും മുഖവും നസ്രായനായ ഈശോയാണ് . സുവിശേഷം ഒരു വ്യക്തിയാണ്, ആ വ്യക്തിയിൽ മാത്രമേ നമുക്ക് സന്തോഷിക്കുവാനും , പ്രാർത്ഥിക്കുവാനും, എല്ലാ ജീവിതാനുഭവങ്ങളിലും നന്ദി പറയുവാനും സാധിക്കുകയുള്ളൂ, പാപികളുടെ മാനസാന്തരത്തിലൂടെയാണ് സ്വർഗം ആനന്ദിക്കുന്നത്. ഈ ആനന്ദം അനുഭവിക്കുവാൻ നാം തയ്യാറാകണം. ഈ കരുണയുടെയും , സ്നേഹത്തിന്റെയും സദ്വാർത്ത സ്വീകരിക്കുന്നവരാകണം എല്ലാവരും.
ഈ നോമ്പുകാലത്ത് വിശുദ്ധീകരണത്തിന് പ്രാധാന്യം നൽകണം തുടർന്ന് ഒരു നവ പന്തക്കുസ്താ അനുഭവത്തിലേക്ക് പുത്തൻ സുവിശേഷ വൽക്കരണത്തിലേക്ക് നീങ്ങണം അധ്യക്ഷ പ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു . സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തന്നെ ഇദം പ്രഥമമായി ഓൺലൈനിൽ കൂടി സംഘടിപ്പിച്ച ഈ സുവിശേഷ സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പത്തൊൻപത് വചനപ്രഘോഷകരാണ് യു കെ സമയം ഉച്ചക്ക് ഒന്നര മുതൽ അഞ്ചു മണി വരെ തുടർച്ചയായി സുവിശേഷ പ്രഘോഷണം നടത്തിയത്.
പ്രശസ്ത വചന പ്രഘോഷകരായ ഫാ.ജോർജ് പനയ്ക്കൽ വി.സി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ് , ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരുന്നു. സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറഞ്ഞു. സീറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ സുവിശേഷ പ്രഘോഷണ മഹാ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല