സ്വന്തം ലേഖകൻ: കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന് വിസ മാറ്റത്തിന് അനുമതി നൽകി മാൻപവർ പബ്ലിക് അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട് മേയ്ക്കൽ വിസ, ഫ്രീ ട്രേഡ് സോൺ കമ്പനികളിലെ വിസ എന്നിവയിൽനിന്നാണ് വിസ മാറ്റത്തിന് അനുമതി നൽകിയത്. ഇതുസംബന്ധിച്ച് മാൻപവർ അതോറിറ്റി ഡയറക്ടർ അഹ്മദ് മൂസ ഉത്തരവ് പുറപ്പെടുവിച്ചു. വിസ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി നിർബന്ധമാണ്.
ഏജൻസി ചതിക്കുഴികളിലൂടെ ആടു വിസയിൽ ഉൾപ്പെടെ എത്തിപ്പെട്ട് പ്രയാസം അനുഭവിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമേകുന്ന ഉത്തരവാണിത്. അതേസമയം, പ്രോജക്ട് വിസ, ഗാർഹികത്തൊഴിലാളി വിസ എന്നിവയിൽനിന്ന് മാറ്റാൻ അനുമതി നൽകിയിട്ടില്ല.മിനിസ്ട്രി വിസയിൽനിന്ന് സ്വകാര്യ കമ്പനി വിസയിലേക്കും മാറ്റം അനുവദിക്കും. അതേസമയം, സർക്കാർ കരാർ കമ്പനികളിലെ വിസയും ചെറുകിട ഇടത്തരം കമ്പനികൾക്ക് അനുവദിച്ച വിസയും (മുബാറക് അൽ കബീർ വിസ) മാറ്റാൻ അനുവദിക്കില്ല.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് അധികൃതർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി അവസാനിച്ചാൽ വിസ മാറ്റത്തിനുള്ള അവസരം റദ്ദാക്കുമോ എന്ന് വ്യക്തമല്ല.
കുടുംബ വീസയിൽ ഉള്ളവർക്കു ജോലി ലഭിച്ചാലും ഇഖാമ മാറാൻ കഴിയില്ലെന്ന അവസ്ഥയിൽ ഇതോടെ മാറ്റമുണ്ടാകും. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുക. എങ്കിലും ഗാർഹിക തൊഴിൽ വീസയിലുള്ളവർക്കും മാറ്റം സാധ്യമല്ലാത്തത് ഈ മേഖലയിലുള്ളവർക്ക് തിരിച്ചടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല