സ്വന്തം ലേഖകൻ: അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ നിന്ന് ചില മരുന്നുകൾ യുഎഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുൾമെന്റിൻ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങൾക്ക് നിർദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്മയ്ക്കുള്ള ബ്യൂട്ടാലിൻ, കൊളസ്ട്രോളിന് നിർദേശിച്ചിരുന്ന ലിപിഗാർഡ്, ഹീമറോയ്ഡ്സിനുള്ള സുപ്രാപ്രോക്ട്, അലർജിക്കുള്ള ഗൂപിസോൺ എന്നിവയാണ് വിപണിയിൽനിന്ന് പിൻവലിച്ചത്.
യുഎഇ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ജുൽഫറും ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് പി.എസ്.സി.യും ചേർന്നുനിർമിച്ച മരുന്നുകൾ ദുബായിലെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു. നിർമാതാക്കളും മരുന്നുകൾ സ്വമേധയാ തിരിച്ചുവിളിച്ചിരുന്നു. പിൻവലിച്ച മരുന്നുകളുടെ പേരുകൾ ശ്രദ്ധിക്കാൻ അധികൃതർ നിർദേശിച്ചു. ഫാർമസികൾക്ക് ഇതു സംബന്ധിച്ച സർക്കുലർ നൽകിയിട്ടുണ്ട്.
വാക്സിൻ എടുത്തവർക്ക് അബൂദാബിയിൽ കോവിഡ് പരിശോധന ഇളവ്
രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അബൂദാബിയിൽ കോവിഡ് പരിശോധനയിൽ ഇളവ്. അബൂദാബിയിൽ എത്തുന്നവർ നാല്, എട്ട് ദിവസങ്ങളിൽ പരിശോധന നടത്തണമെന്ന നിബന്ധയിൽനിന്ന് ഇവരെ ഒഴിവാക്കും. ദേശീയ വാക്സിനേഷൻ പരീക്ഷണത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്കും രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം അൽ ഹൊസൻ ആപ്പിൽ ഗോൾഡൻ സ്റ്റാർ, ഇ അക്ഷരം എന്നിവ ലഭിച്ചവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല