1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

ലീഡ്സ് മലയാളി അസോസിയേഷന്റെ ആഥിത്യത്തില്‍ ഒക്റ്റോബര്‍ ഒന്നാം തീയ്യതി രാവിലെ 10.30 ന് ലീഡ്സിലെ സെന്റ്‌ നികൊളോസ് സ്കൂള്‍ ഹാളില്‍ ആരംഭിച്ച യുക്മയുടെ യോര്‍ക്ക്‌ഷെയര്‍ ഹാംബര്‍ റീജിയണല്‍ കലാമേള മത്സരാര്‍ഥികളുടെ ആത്മാര്‍ഥമായ സഹകരണം കൊണ്ട് വര്‍ണ്ണാഭമായി. UUKMA നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ്‌ ഈയൊരു റീജിയനില്‍ കലാമേള നടക്കുന്നത്. ലീഡ്സ്, ഹള്‍,സ്കന്തോര്‍പ്, ഷെഫീല്‍ഡ് എന്നീ നാല് അസോസിയേഷനുകളാണ് പ്രധാനമായും ഈ റീജിയണില്‍ ഉള്ളത്.

രാവിലെ പത്ത് മണിക്ക് റെജിസ്ട്രേഷന്‍ ആരംഭിച്ചു ലീഡ്സ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജിജി ജോര്‍ജ്, ടോമി സ്റ്റീഫന്‍, ജയന്‍ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി. 10 .30 ന് വ്യക്തിഗത ഇനങ്ങള്‍ ആരംഭിച്ചു. ഒട്ടനവധി പ്രതിഭകള്‍ മാറ്റുരച്ചു. ജൂനിയര്‍, സബ് ജൂനിയര്‍, വിഭാഗങ്ങളില്‍ കടുത്ത മത്സരം കാണപ്പെട്ടു. ഗ്രൂപ്പ് ഇനങ്ങളില്‍ സ്കന്തോര്‍പ്പ് മലയാളി അസോസിയേഷന്റെ സിനിമാറ്റിക് ഡാന്‍സും, ഷെഫീല്‍ഡ് കള്‍ചറല്‍ അസോസിയേഷന്റെ ക്ലാസിക് ഡാന്‍സും ഏറെ ശ്രദ്ധേയമായി. വ്യക്തികത വിഭാഗത്തില്‍ ലീഡ്സ് മലയാളി അസോസിയേഷന്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. ഹള്‍ മലയാളി അസോസിയേഷന്‍ ഒട്ടു പിന്നിലല്ലെന്ന് തെളിയിച്ചു.

ഡോ അലക്സാണ്ടര്‍, ഡോ: ഷീന, ഡോ: സുജിത് എന്നിവര്‍ പരിപാടികള്‍ക്ക് മേല്‍ നോട്ടം വഹിച്ചു. എന്തിനും ഏതിനും സ്പോണ്സര്‍മാരെ ആശ്രയിക്കാതെ തനതായ ശൈലിയില്‍ കലാമേളക്ക് ആവശ്യമായ മുഴുവന്‍ പണവും റാഫില്‍ ടിക്കറ്റില്‍ കൂടെ കണ്ടെത്താനായത് കമ്മറ്റിയുടെ വിജയമായി വിലയിരുത്തപ്പെടുന്നു. അത്യാധുനിക സൌകര്യങ്ങളടങ്ങിയ ഹാളും അതി വിശാലമായ പാര്‍ക്കിംഗ് സൌകര്യവും അതോടൊപ്പം നാടന്‍ കേരളീയ ഭക്ഷണ സൌകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. റീജിയണല്‍ പ്രസിഡണ്ട് ഉമ്മന്‍ ഐസക്, സെക്രട്ടറി അജിത്‌ പാലിയത്ത്, കണ്‍വീനര്‍ അലക്സ്‌ പള്ളിയമ്പല്‍ എന്നിവര്‍ എല്ലാത്തിനും നേതൃത്വം നല്‍കി.

രണ്ടു മണിക്ക് പ്രസിഡണ്ട് ഉമ്മന്‍ ഐസക്ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ നാഷണല്‍ കമ്മറ്റി അംഗം അബ്രഹാം ജോര്‍ജ്, ഭദ്രദീപം കൊളുത്തി കലാമേളയുടെ ഔപചാരിക ഉത്ഘാടനം നടത്തി. സെക്രട്ടറി അജിത്‌ പാലിയത്ത് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്നു പ്രസിഡണ്ട് ഉമ്മന്‍ ഐസക് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ യുകമയുടെ ആരംഭവും വളര്‍ച്ചയും പ്രതിപാദിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവാസികളായിരിക്കുമ്പോള്‍ തന്നെ തങ്ങളുടെ കഴിവുകള്‍ വളര്‍ത്താന്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ പ്രയോജനം ചെയ്യുമെന്നും അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അസോസിയേഷനുകള്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്നു അബ്രഹാം ജോര്‍ജ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ യുക്മയില്‍ ചേരാനുള്ള മറ്റു അസോസിയേഷനുകള്‍ എത്രയും വേഗം തന്നെ ചേര്‍ന്ന് അവിടത്തെ കുട്ടികളുടെ കലാ-കായിക വാസനകള്‍ പരിപോഷിപ്പിക്കണമെന്നു അഭിപ്രായപ്പെട്ടു. യുക്മ റീജിയണല്‍ ജോയിന്റ് സെക്രട്ടറി മനോജ്‌ വാണിയപുരക്കല്‍, യുക്മ യോര്‍ക്ക്‌ഷെയര്‍ ഹമ്പര്‍ റീജിയണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഒരു വിഷന്‍ അവതരിപ്പിച്ചു. ഉടന്‍ തന്നെ നടത്താന്‍ പോകുന്ന ആന്റി ഡ്രഗ്സ് കാംബയില്‍ ലോക്കല്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചു. ട്രഷറര്‍ അനീഷ്‌ മണി റീജിയണിന്റെ സാമ്പത്തിക സ്ഥിതിയും വരുമാന മാര്‍ഗവും അവതരിപ്പിച്ചു. തുടര്‍ന്നു റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ അലക്സ് പള്ളിയാമ്പല്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

തുടര്‍ന്നു നടന്ന കലാമത്സരങ്ങള്‍ക്ക് ശേഷം അഞ്ചു മണിക്ക് വിജയികള്‍ക്ക് പ്രസിഡണ്ട് ഉമ്മന്‍ ഐസക്കും നാഷണല്‍ കമ്മറ്റി മെമ്പര്‍ അബ്രഹാം ജോര്‍ജ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. നവംബര്‍ അഞ്ചിന് നടക്കുന്ന നാഷണല്‍ കലാമേളയില്‍ വിജയികള്‍ എല്ലാവരും പങ്കെടുക്കണമെന്ന് റീജിയണല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു കലാ മത്സരത്തെക്കാള്‍ ഉപരി അസോസിയേഷനിലെ കുടുംബങ്ങള്‍ തമ്മിലുള്ള ഒരു കൂട്ടയ്മയാകാന്‍ റീജിയന്‍ കമ്മറ്റിക്ക് സാധിച്ചു എന്നത് വിജയമായി കാണുന്നതായി ഏവരും അഭിപ്രായപ്പെട്ടു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.