സ്വന്തം ലേഖകൻ: ജർമനിയിൽ ഞായറാഴ്ച നടന്ന രണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മെർക്കലിന്റെ യാഥാസ്ഥിതിക പാർട്ടിക്ക് കനത്ത തിരിച്ചടി. തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ബാഡൻ-വുർട്ടെംബർഗ്, റൈൻലാൻഡ് പാലറ്റിനേറ്റ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) പരാജയം നേരിടേണ്ടി വന്നത്.
കോവിഡ് നിയന്ത്രണത്തിൽ സംഭവിച്ച പാളിച്ചകളും മാസ്ക് സംഭരണ അഴിമതിയുമാണ് മെർക്കലിനെതിരേ തിരിയാൻ വോട്ടർമാരെ പ്രേരിപ്പിച്ചത്. ബാഡൻ-വുർട്ടെംബർഗിൽ സിഡിയുവിന് 24.1 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 2.9 ശതമാനം കുറവ്. അവിടെ ഭരണം നടത്തിയിരുന്ന ഗ്രീൻ പാർട്ടിക്ക് 2.2 ശതമാനം വോട്ടു കൂടി 32.7 ശതമാനമായി.
സോഷ്യൽ ഡമോക്രാറ്റുകൾക്കു കിട്ടിയ വോട്ടുവിഹിതവും 11.1 ശതമാനമായി കുറഞ്ഞു. എന്നാൽ ഫ്രീ ലിബറലുകൾ നില മെച്ചപ്പെടുത്തി.10.4 ശതമാനമായി ഉയർത്തി. വിദേശികളെ പേടിപ്പെടുത്തുന്ന എഎഫ്ഡിക്ക് 5.3% വോട്ടു നഷ്ടമുണ്ടായി. ഇവിടെ ഗ്രീൻ പാർട്ടിയുടെ നേതൃത്വത്തിൽ സിഡിയുവുമായി ചേർന്നുള്ള കൂട്ടുകക്ഷി ഭരണമാണ് നടന്നിരുന്നത്.
പുതിയ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ വീണ്ടും കൂട്ടുകക്ഷി ഗവണ്മെന്റിനാണ് സാധ്യത. 2011 മുതൽ ഗ്രീൻ പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് ബാഡൻ-വുർട്ടെംബർഗ്. വിൻഫ്രൈഡ് ക്രെറ്റ്സ്മാൻ ആണ് മുഖ്യമന്ത്രി.
റൈൻലാൻഡ് പാലറ്റിനേറ്റ് സംസ്ഥാനത്ത് ഭരണകക്ഷിയായ സോഷ്യലിസ്റ്റുകൾ 36 ശതമാനം വോട്ടോടെ ഒന്നാമതെത്തി. 4.9 ശതമാനം നഷ്ടത്തോടെ സിഡിയു 26.9ശതമാനം വോട്ട് നേടി രണ്ടാമതെത്തി. ഇവിടെയും ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ കൂട്ടുഭരണത്തിനാണ് സാധ്യത. സോഷ്യൽ ഡെമോക്രാറ്റ് ലീഡർ മാലു ഡ്രയറാണ് ഇവിടുത്തെ മുഖ്യമന്ത്രി.
16 വർഷത്തിനുശേഷം ചാൻസലർ സ്ഥാനവും പാർട്ടി നേതൃസ്ഥാനവും മെർക്കൽ ഒഴിയാനിരിക്കെയാണ് പാർട്ടി തിരിച്ചടി നേരിടുന്നത്. വാക്സീനേഷൻ നടപടികളിലെ മെല്ലെപ്പോക്കും കോവിഡ് വ്യാപനത്തിനിടെ മാസ്ക് വാങ്ങിയതിൽ ചില പാർലമെന്റ് അംഗങ്ങൾക്കു കമ്മിഷൻ ലഭിച്ചെന്ന ആരോപണങ്ങളുമാണു സിഡിയുവിന് വിനയായതെന്നാണ് പൊതുവെ വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല