സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും കുത്തകകളുടെ ആര്‍ത്തിക്കുമെതിരെ അമേരിക്കയിലാകെ പടര്‍ന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് ആദ്യ രക്തസാക്ഷി. വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സാന്‍ ഡീഗോയിലാണ് 42കാരന്‍ പ്രക്ഷോഭസ്ഥലത്തിനടുത്തുള്ള പാര്‍ക്കിങ് കേന്ദ്രത്തിന്റെ എട്ടാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഇയാളുടെ പക്കല്‍ നിരവധി നോട്ടീസുകളും പ്രചാരണസാമഗ്രികളുമുണ്ടായിരുന്നു. ആത്മാഹുതിയെ തുടര്‍ന്ന് സാന്‍ ഡീഗോയിലെ പ്രക്ഷോഭകര്‍ തിങ്കളാഴ്ച വൈകിട്ട് ഒരുനിമിഷം മൗനമാചരിച്ചു.
വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് സാന്‍ ഡീഗോ പിടിച്ചെടുക്കല്‍ (Occupy San Diego) സമരം. അമേരിക്കയിലെ പ്രധാന പട്ടണങ്ങളിലെല്ലാം അതതു പട്ടണങ്ങളുടെ പേരില്‍ പ്രക്ഷോഭം നടക്കുകയാണ്. ബോസ്റ്റണ്‍ കീഴടക്കല്‍ (Occupy Boston), ചിക്കാഗോ കീഴടക്കല്‍ (Occupy Chicago) എന്നിവിടങ്ങളിലെല്ലാം തീവ്രമായ പ്രക്ഷോഭം നടക്കുകയാണ്. ഇവിടെങ്ങളിലെല്ലാം കൂട്ട അറസ്റ്റ് നടത്തി അധികൃതര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.
ബോസ്റ്റണില്‍ തിങ്കളാഴ്ച അര്‍ധരാത്രി സമരകേന്ദ്രത്തില്‍ നിന്ന് നൂറിലേറെ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രക്ഷോഭകരുടെ പുതിയ തമ്പുകള്‍ പോലീസ് പൊളിച്ചു നീക്കി. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന വൈദ്യശാസ്ത്ര സംഘത്തെയും നിയമപരമായ നിരീക്ഷകരെയും പൊലീസ് ആക്രമിച്ചു. പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സമരകേന്ദ്രം വികസിപ്പിക്കാന്‍ പോലീസ് സമ്മതിക്കുന്നില്ല. ആദ്യം പ്രക്ഷോഭം തുടങ്ങിയ സ്ഥലത്ത് ഒതുങ്ങി പ്രതിഷേധം പ്രകടിപ്പിക്കണം എന്നാണ് പൊലീസ് നിലപാട്.
ചിക്കാഗോയില്‍ അഞ്ച് സംഘങ്ങളായി നടത്തിയ പ്രകടനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അധ്യാപകരും മതനേതാക്കളും യൂണിയന്‍ പ്രവര്‍ത്തകരുമടക്കം ഇതില്‍ പങ്കു ചേര്‍ന്നു. തൊഴിലുകളും വീടുകളും സ്‌കൂളുകളും തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വരുംദിവസങ്ങളിലും പ്രകടനങ്ങള്‍ നടത്താനാണ് ‘ചിക്കാഗോ കീഴടക്കല്‍’ പ്രക്ഷോഭകരുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല