സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ അടക്കമുള്ള ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽവന്നു. 2020ലെ 17ാം നമ്പർ നിയമമാണിത്. മിഡിലീസ്റ്റിൽ തന്നെ ഇൗ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. പുതിയ നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (ഏകദേശം 19,500 ഇന്ത്യൻ രൂപ) മിനിമം വേതനം നൽകണം.
ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും (9,750 രൂപ) ഭക്ഷണ അലവൻസിനായി 300 റിയാലും (5850 രൂപ) പുറമെ നൽകാനും നിയമം അനുശാസിക്കുന്നു. നിയമത്തിന് നേരത്തേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞതോടെയാണ് ഞായറാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നതെന്ന് തൊഴിൽ സാമൂഹിക ഭരണകാര്യ മന്ത്രാലയം അറിയിച്ചു.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതും തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതുമാണ് പുതിയ നിയമമെന്ന് തൊഴില്‍ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞെ സെപ്തംബറില്‍ നിയമം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പില്‍ വരുത്തുന്നതിന് കമ്പനികള്‍ക്ക് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു.
ഈ കാലയളവ് ഇന്നത്തേക്ക് പൂര്‍ത്തിയായതോടെയാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ ഈ നിയമമനുസരിച്ചുള്ള വേതനം ഉറപ്പാക്കാത്ത തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളിക്ക് പരാതി നല്‍കാം. പുതിയ തൊഴില്‍ കരാറുകള്‍ക്ക് മന്ത്രാലയം അനുമതി നല്കണമെങ്കില് തൊഴിലുടമ ഈ മിനിമം വേതനം നല്‍കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല