സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ദേശീയ സെൻസസിൻ്റെ ചരിത്ര ദിനത്തിൽ യുകെ യിലെമ്പാടും ഒരുക്കങ്ങൾ പൂർത്തിയായി. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുമ്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. 1841 മുതലാണ് ആധുനിക രീതിയിൽ ഇന്നത്തെപ്പോലെ സെൻസസ് പ്രക്രിയ മാറ്റത്തോടെ തുടക്കം കുറിച്ചത്.
ഇന്ത്യയിലും ഇതര ലോകരാജ്യങ്ങളിലും സമാനമായ സെൻസസ് നിലവിലുള്ളതിനാലും, ദേശീയ പ്രക്രിയകളിൽ പൊതുവെ കൂടുതൽ താല്പര്യമുള്ളവർ ആയ യു കെ മലയാളികൾ യുക്മയുടെയും മറ്റ് ദേശീയ മാധ്യമങ്ങളുടെയും ബോധവൽക്കരണം വഴി ദേശീയ സെൻസസിനെക്കുറിച്ചുള്ള വിവരം ഇതിനകം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഇന്ന് മാർച്ച് 21 ഞായറാഴ്ചയാണ് ദേശീയ സെൻസസ് ദിനം. ഇന്ന് രാത്രി 12 മണിക്ക് മുൻപായി നിശ്ചിത ലിങ്കിലൂടെ സെൻസസിൽ പങ്കുചേരേണ്ടതാണ്. യുകെയിലെ എല്ലാ വീടുകൾക്കും ഒരു “ആക്സസ് കോഡ്” അധികൃതർ അയച്ചു കൊടുത്തിട്ടുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവർക്ക് തന്നെ വ്യക്തിപരമായി വെവ്വേറെ ആയി സെൻസസിൽ പങ്കെടുക്കണമെങ്കിൽ അതിനായി വ്യക്തിഗത “ആക്സസ് കോഡ്” ലഭിക്കും. ഏതെങ്കിലും കാരണവശാൽ “അക്സസ് കോഡ് ” ലഭിക്കാതെ വരികയോ, നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടനെതന്നെ ഈ വാർത്തയുടെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ആക്സസ്സ് കോഡിന് അപേക്ഷിക്കാവുന്നതാണ്. ആക്സസ് കോഡ് ടെക്സ്റ്റ് മെസ്സേജ് ആയോ, തപാൽ വഴിയോ ലഭിക്കുന്നതാണ്. എന്നാൽ തപാൽ വഴി ലഭിക്കാൻ കാലതാമസം വരുമെന്നതിനാൽ ടെക്സ്റ്റ് മെസേജ് വഴി ആക്സസ് കോഡ് കൈപ്പറ്റി ഇന്ന് രാത്രി 12 മണിക്ക് മുൻപായി സെൻസസ് പ്രക്രിയയിൽ പങ്കു ചേരേണ്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനസാന്ദ്രത മനസിലാക്കേണ്ടത് ദേശീയ – പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ച് സുപ്രധാനമായ ഒന്നാണ്. സെൻസസിന്റെ അടിസ്ഥാനത്തിലാണ് പൊതുവിതരണം, വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ കൃത്യമായ ആസൂത്രണത്തിനും ക്രമീകരണങ്ങൾക്കും തുക അനുവദിക്കുന്നതിനും എല്ലാം ഗവൺമെന്റുകൾക്ക് സാധിക്കുന്നത്.
ന്യൂനപക്ഷ സമൂഹങ്ങൾ ധാരാളമായുള്ള യു കെ പോലുള്ള രാജ്യത്ത് ഭാഷാപരമായും വർഗ്ഗപരമായും ഉള്ള വ്യത്യസ്തകളും സെൻസസിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതായുണ്ട്. യുകെയിൽ താമസിക്കുന്ന ഓരോ വ്യക്തിയും ദേശീയ സെൻസസിൽ നിർബന്ധമായി പങ്കെടുക്കേണ്ടതുണ്ട് എന്നതിനാൽ പുതുതായി യുകെയിൽ എത്തിയിരിക്കുന്നവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പ്രധാന ഭാഷ ആവശ്യപ്പെടുന്ന സ്ഥലത്ത് “മലയാളം” എന്നുതന്നെ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. പലവീടുകളിലും കുട്ടികൾ പരസ്പരം ഇംഗ്ലീഷ് സംസാരിക്കുന്നു എങ്കിൽ പോലും, പ്രധാന ഭാഷ “മലയാളം” എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
സെൻസസിൽ പങ്കെടുക്കാതിരിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് ആയിരം പൗണ്ട് വരെ പിഴ ചുമത്തപ്പെടാവുന്ന കുറ്റകൃത്യമായാണ് പരിഗണിക്കപ്പെടുന്നത്. ഇതിനകം ആക്സസ് കോഡിന് അപേക്ഷിക്കാത്തവരോ, ലഭിക്കാത്തവരോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ എത്രയും വേഗം അപേക്ഷിക്കുക.
ദേശീയ സെൻസസിൽ നിശ്ചയമായും എല്ലാ യു കെ മലയാളികളും ഭാഗഭാക്കാകണമെന്നും, ദേശീയ സെൻസസിൽ പങ്കുചേരാനുള്ള അവസാന ദിനമായ ഇന്ന് ഈ സന്ദേശം എല്ലാ മലയാളി സുഹൃത്തുക്കളെയും അറിയിക്കുകയും, ഓർമിപ്പിക്കുകയും ചെയ്ത് സെൻസസ് പ്രക്രിയയിൽ സഹകരിക്കണമെന്ന് യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
Enter address – Census 2021
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല