സ്വന്തം ലേഖകൻ: യുഎഇയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളുമായി നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻമാറ്റത്തിനു പദ്ധതി. മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവ 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു. ശാസ്ത്രീയ ചട്ടക്കൂടിനുള്ളിൽ മികവുറ്റ പരിശീലനം, പാഠ്യപദ്ധതിയുടെ പരിഷ്കരണം എന്നിവയടക്കം 5 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക.
ലോകാരോഗ്യ സംഘടനയിലെയും ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്സസിലെയും വിദഗ്ധർ ഉൾപ്പെട്ട പാനൽ രൂപം നൽകിയ പദ്ധതിക്ക് യുഎഇ എജ്യുക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ് കൗൺസിൽ അംഗീകാരം നൽകി. ആരോഗ്യ മേഖലയിലെയും വിവിധ മന്ത്രാലയങ്ങളിലെയും പ്രതിനിധികളടങ്ങുന്ന പരമോന്ന ദേശീയ സമിതിക്കും രൂപം നൽകി.
ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു സമിതി പ്രവർത്തിക്കുക. ഒരോ തലത്തിലുമുള്ള പ്രവർത്തന പുരോഗതി വിലയിരുത്തും. ആരോഗ്യമേഖല നേരിട്ട അടിയന്തര സാഹചര്യങ്ങൾ കൂടി വിലയിരുത്തിയാണ് പദ്ധതിക്കു രൂപം നൽകിയത്.
നഴ്സിങ് രംഗത്തു വൻമുന്നേറ്റത്തിനു വഴിയൊരുക്കാൻ പുതിയ നയപരിപാടികൾക്കു കഴിയുമെന്ന് ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്് പറഞ്ഞു. രാജ്യത്തു ലോക നിലവാരമുള്ള ആരോഗ്യ സംവിധാനമൊരുക്കും. ചികിത്സതേടി എത്തുന്നവരുടെ എണ്ണം കൂടുന്നത് അനുബന്ധമേഖലകളുടെയും വളർച്ചയ്ക്കു വഴിയൊരുക്കും.
കോവിഡിനെതിരായ പോരാട്ടത്തിൽ നേടിയ വിജയത്തിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞതായി നഴ്സിങ് ഡിപാർട്മെന്റ് ഡയറക്ടറും നഴ്സിങ്-മിഡ് വൈഫറി പരമോന്നത സമിതി അധ്യക്ഷയുമായ ഡോ.സുമയ അൽ ബലൂഷി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല