സ്വന്തം ലേഖകൻ: കുവൈത്തിൽ ചെറുകിട വ്യവസായ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് വിസ മാറ്റത്തിനു അവസരം. ഇതുസംബന്ധിച്ച ഉത്തരവ് വാണിജ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ സല്‍മാനാണു പുറപ്പെടുവിച്ചത്. ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റുന്നതിന് തടസ്സമില്ല.
നിയമപ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചെറുകിട സംരംഭങ്ങള്‍ക്കും ഇതോടെ തൊഴിലാളികളുടെ വിസ മാറ്റാന്‍ അനുവദിക്കുന്നതാണ്. നിലവില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ സ്പോണ്‍സറുടെ അനുമതിയോടെ വിസ മാറ്റത്തിനു അനുമതിയുള്ളു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണ് തൊഴിലാളികളുടെ ക്ഷാമം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് മടങ്ങിയെത്താന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
ഇതേതുടര്‍ന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസ വാണിജ്യ മന്ത്രി ഡോ. അബ്ദുള്ള അല്‍ സല്‍മാനു ഇതു സംബന്ധിച്ചു സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചത്. സ്വകാര്യ മേഖലയില്‍ ചെറുകിട സംരംഭങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല