1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2021

സജീഷ് ടോം: ഭിന്നശേഷിയുള്ള കുട്ടികളുമായി ശ്രീ. ഗോപിനാഥ് മുതുകാട് ഒരുക്കിയ “വിസ്മയ സാന്ത്വനം” ആസ്വാദക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച് അവിസ്മരണീയമായി. നമ്മുടെ മനസ്സിന്റെ കൊച്ചു നന്മകൾ വലിയ മാറ്റങ്ങൾക്കു കാരണമാകുവാനും അങ്ങനെ സുന്ദരമായ നമ്മുടെ ലോകം കൂടുതൽ സുന്ദരമാക്കുവാൻ നമുക്ക് പരിശ്രമിക്കാം. “ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു യാഥാർഥ്യമാണ്” ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി ശേഷിച്ച ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന പ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിൻ്റെ വാക്കുകൾ ആണിത്.

ഞായറാഴ്ച യുകെ യിലെയും അയർലണ്ടിലെയും കാണികൾക്കായി ഓൺലൈനിലൂടെ അവതരിപ്പിക്കപ്പെട്ട “വിസ്മയ സാന്ത്വനം ” എന്ന പരിപാടി ആ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഒരേ സമയം വിസ്മയവും സാന്ത്വനവും ആയിരുന്നു. ശ്രീ ഗോപിനാഥ് മുതുകാട് എന്ന മനുഷ്യന്റെ ഇച്ഛശക്തിയും സമർപ്പണവും ഈ പരിപാടി കണ്ട ഏതൊരാൾക്കും ബോധ്യപെടുന്നതാണ്. വളരെ മനോഹരമായി അടുക്കും ചിട്ടയോടും കൂടിയാണ് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു മാറ്റി നിർത്തിയിരിക്കുന്ന ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിച്ച ഓരോ പരിപാടികളും. അതിനിടയിൽ അദ്ദേഹം പറയുന്ന ജീവിതഗന്ധിയായ അനുഭവങ്ങളും സംഭവങ്ങളും ഏതൊരു മനുഷ്യന്റെ കണ്ണുകളെയും ഈറനണിയിക്കുന്നതായിരുന്നു.

ശ്രീ.ഗോപിനാഥ് മുതുകാടിൻ്റെ പ്രൊഫഷണലിസവും സ്റ്റേജ് പ്രോഗ്രാമിന്റെ മികവുമായി അവതരിപ്പിക്കപ്പെട്ട ഈ പരിപാടിയിൽ ആയിരം കാതങ്ങൾക്കുമിപ്പുറം യൂറോപ്യൻ രാജ്യത്തു നിന്നുമുയർന്ന കൈയ്യടികൾ കേൾക്കാൻ കുട്ടികൾക്ക് സാധിക്കാതെപോയി എന്നത് മാത്രമായിരുന്നു പരിപാടിയുടെ പരിമിതി.

യുക്മയും, അയർലണ്ടിലെ ഇന്ത്യൻ സമൂഹവും ചേർന്നായിരുന്നു വിസ്മയ സാന്ത്വനം സംഘടിപ്പിച്ചത്. Different Art Center(DAC) ൽ മാജിക്, നൃത്തം, സംഗീതം, മിമിക്രി, താളവാദ്യങ്ങൾ, ചിത്രരചനാ തുടങ്ങിയ വിവിധ ഇനങ്ങളിൽ പരിശീലനം നേടുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിപാടികൾ അവതരിപ്പിച്ചത് . ശ്രീ ഗോപിനാഥും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരും ഇല്ല്യൂഷൻ പോലുള്ള മനോഹരവും വിസ്മയകരവുമായ മാജിക്കുകളും അവതരിപ്പിച്ചു . യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, അയർലണ്ടിലെ കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍ എന്നിവര്‍ ആശംസകൾ നേരുകയും പ്രൊഫ. ഗോപിനാഥ് മുതുകാട് നന്ദി രേഖപ്പെടുത്തുയും ചെയ്തു. അലൈഡ് ഫിനാൻഷ്യൽ സർവ്വീസ്, പോൾ ജോൺ സോളിസിറ്റേഴ്സ് എന്നിവരായിരുന്ന വിസ്മയ സാന്ത്വനത്തിൻ്റെ മെഗാ സ്പോൺസർമാർ.

അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ സാധ്യമാവുന്ന കാഴ്ചയാണ് കണ്ടത്. കുറവുകളേയും പരിമിതികളെയും അതിജീവിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെങ്ങനെയെന്ന് ഈ കുട്ടികളിൽ നിന്ന് കണ്ടുപഠിക്കേണ്ടതുണ്ട്. ഇവരുടെ മാതാപിതാക്കളെയും ഇവരെ പരിശീലിപ്പിക്കുന്ന അധ്യാപകരെയും കൂടി ഈ ഷോയിൽ പരിചയപ്പെടുത്തി. തിരുവനന്തപുരത്തു ശ്രീ. മുതുകാട് സ്ഥാപിച്ചിരിക്കുന്ന “മാജിക് പ്ലാനറ്റ്” എന്ന സ്ഥാപനം ഈ കുട്ടികൾക്കും അവരുടെ അമ്മമാർക്കും എത്രമാത്രം സ്വാന്തനവും ആത്മവിശ്വാസവും നൽകുന്നതാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി . 100 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. ഈ കുട്ടികളുടെ അമ്മമാർക്ക് തൊഴിലും അതോടൊപ്പം ചെറിയ വരുമാനവും നേടാനുള്ള “കരിഷ്മാ” എന്ന സ്ഥാപനവും ഇതോടൊപ്പം പ്രവർത്തിച്ച് വരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെ പണിതുടങ്ങിയ യൂണിവേഴ്സൽ മാജിക് പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണാർത്ഥമാണ് പരിപാടി സംലടിപ്പിച്ചത്. സ്വപ്‌നങ്ങൾ കാണാനും, കാണുന്ന സ്വപനങ്ങൾ യാഥാർഥ്യമാക്കാനും കഴിവുള്ള ശ്രീ. ഗോപിനാഥ് മനുഷ്യനാണ് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനം. പ്രസ്തുത സ്ഥാപനം പണിപൂർത്തിയാക്കുകയെന്നത് നമ്മുടെയെല്ലാം കടമയാണ്. അദ്ദേഹത്തോടൊപ്പം ചേർന്ന് നമ്മുടെ ഉത്തരവാദിത്വം നിർവഹിക്കാം. നാമെല്ലാവരും കൈകോർത്താൽ ഈ വലിയ മനുഷ്യന്റെ സ്വപ്ങ്ങളും അതോടൊപ്പം പലവിധ പരിമിതികൾ അനുഭവിക്കുന്ന ഭിന്നശേഷി കുട്ടികളുടെയും അവരുടെ അമ്മമാരുടെയും പ്രതീക്ഷകളും പൂവണിയിക്കാൻ നമുക്ക് പരിശ്രമിക്കാം.

“വിസ്മയ സാന്ത്വനം” പരിപാടി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.facebook.com/uukma.org/videos/251812483349941/

ഭിന്നശേഷിക്കുട്ടികളുടെ ഉയർച്ചക്കായുള്ള ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രീ. ഗോപിനാഥ് മുതുകാടിനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്ക് വഴി സഹായങ്ങൾ ചെയ്യാവുന്നതാണ്.

https://fundraisers.giveindia.org/fundraisers/vismaya-saanthwanam-magic-beyond-barriers-uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.