1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011


ഐസ്‌ലന്‍ഡ് വീണ്ടുമൊരു അഗ്നിപര്‍വത സ്‌ഫോടനത്തിന് കൂടി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം യൂറോപ്പിന്റെ മൊത്തം വ്യോമഗതാഗതത്തെയും ബാധിച്ച അഗ്നിപര്‍വത സ്‌ഫോടനത്തേക്കാള്‍ വിനാശകാരിയായിരിക്കും ഈ വര്‍ഷത്തെ സ്‌ഫോടനമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. വടക്കന്‍ അറ്റ്‌ലാന്‍ഡിക് രാജ്യമായ ഐസ്്‌ലാന്‍ഡിലെ കെട്‌ല പര്‍വതത്തിന്റെ ഉള്ളില്‍ നിന്നും മുരള്‍ച്ച കേട്ടു തുടങ്ങിയതോടെയാണ് നിരീക്ഷകര്‍ ശക്തമായ ഒരു അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ മുന്നറിയിപ്പുകള്‍ നല്‍കിയത്.

2010ല്‍ പൊട്ടിത്തെറിച്ച ഈഫ്ജല്ലാജോക്കുല്‍ എന്ന തൊട്ടടുത്തുള്ള അഗ്നിപര്‍വതത്തേക്കാള്‍ താരതമ്യേന വലുതാണ് കെട്‌ല പര്‍വതം. കഴിഞ്ഞ വര്‍ഷത്തെ സ്‌ഫോടനത്തെ തുടര്‍ന്ന് ആകാശത്ത് രൂപം കൊണ്ട പൊടി മേഘങ്ങള്‍ മൂലം യൂറോപ്പിലെ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് 127 കോടി പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായത്.

1018ലാണ് കെട്‌ലയില്‍ അവസാനമായി സ്‌ഫോടനമുണ്ടായത്. നിരവധി പേരുടെ മരണത്തിനും കൃഷി നാശത്തിനും കാരണമായ അന്നത്തെ സ്‌ഫോടനം ഒരു മാസക്കാലം നീണ്ടു നിന്നു. ഈ വര്‍ഷം കെട്‌ല ചുട്ടുപഴുത്തു തുടങ്ങിയതിനെ തുടര്‍ന്ന് പര്‍വതത്തെ മൂടി നിന്നിരുന്ന മഞ്ഞ് ഉരുകുകയും സമീപസ്ഥമായ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിട്ടുണ്ട്.

കാര്യമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ പ്രദേശവാസിളെയെല്ലാം ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനിടെ കെട്‌ലയ്ക്ക് സമീപം ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത് ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഭൂചലനം സ്‌ഫോടനത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.