സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അസ്ട്രസെനക ഉള്‍പ്പെടെയുള്ള വാക്സിനുകളും ജീവന് രക്ഷാ മരുന്നുകളും ഇന്ത്യക്ക് നല്കാന് ബൈഡന് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ജനപ്രതിനിധികള്‍, പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ എന്നിവരുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബൈഡന് ഭരണകൂടത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്.
കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്ക സംഭരിച്ചിരിക്കുന്ന അസ്ട്രസെനക വാക്സിനും മറ്റ് ജീവന് രക്ഷാ മരുന്നുകളും ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചേംബര്‍ ഏഓഫ് കൊമേഴ്സിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മൈറോണ്‍ ബ്രിലന്റ് പറഞ്ഞു. ഈ വാക്സിന് ഡോസുകള്‍ അമേരിക്കയില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അമേരിക്കക്കാര്‍ക്കും നല്കാന് ആവശ്യമായ വാക്സിന് ജൂണ്‍ ആദ്യവാരത്തോടെ നിര്‍മാതാക്കള്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ നീക്കം, കോവാക്സ് പോലുള്ള സംരംഭങ്ങളില്‍ ഉള്‍പ്പെടെ, അമേരിക്കന്‍ നേതൃത്വത്തെ ദൃഢപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരിയില്‍ എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്നും ബ്രില്യന്റ് പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ആഗോള സഹായം തേടിയതിന് പിന്നാലെയാണ് യുഎസ് ചേംബേഴ്സ് പ്രസ്താവന ഇറക്കിയത്. അവശ്യവസ്തുക്കളുടെ വിതരണം സുഗമമാക്കുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും അമേരിക്ക ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് ജലീന പോര്‍ട്ടറും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല