സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാറ്റ്ക്ക് ഹോട്ടൽ ക്വാറൻ്റീനിൽ ഇളവുമായി യുകെ സർക്കാർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് ക്വാറന്റീൻ നിയമങ്ങളിൽ നേരിയ ഇളവ് അനുവദിച്ചു. ഇതോടെ എൻഎച്ച്എസിനുവേണ്ടി പുതുതായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന നഴ്സുമാർക്ക് ഹോട്ടൽ ക്വാറന്റീനു പകരം അതതു ട്രസ്റ്റുകൾ സ്വന്തമായി ക്വാറന്റീൻ സൗകര്യം ഒരുക്കിയാൽ മതിയാകും.
എന്നാൽ ട്രസ്റ്റുകൾ ഇതിനു തയാറല്ലെങ്കിൽ 1750 പൗണ്ട് മുടക്കിയുള്ള ഹോട്ടൽ ക്വാറന്റീൻ വേണ്ടി വരും. ഇളവ് പ്രാവർത്തികമാക്കുക എളുപ്പമല്ലാത്തതിനാൽ അതിനു പകരം ചില ട്രസ്റ്റുകൾ ഹോട്ടൽ ക്വാറന്റീനുള്ള ചെലവു വഹിക്കാമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്. അതിനും സന്നദ്ധരല്ലാത്ത ട്രസ്റ്റുകളിലേക്കുള്ളവർ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീൻ ചെയ്യേണ്ടി വരും.
ഇതിനുള്ള ചിലവ് ഏജൻസികൾ വഹിക്കാൻ തയ്യാ റായാൽ ആ തുക പിന്നീട് ഗഡുക്കളായി തിരികെ നൽകാൻ ട്രസ്റ്റുകൾ സൗകര്യമൊരുക്കും. ഇത്തരത്തിൽ സന്നദ്ധത അറിയിച്ച ചില ട്രസ്റ്റുകൾക്കായി ഇന്നു രാവിലെ ഇൻവെർട്ടിസ് കൺസൾട്ടൻസി എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം വഴി 40 നഴ്സുമാർ വെർജിൻ അറ്റ്ലാന്റിക് വിമാനത്തിൽ ബ്രിട്ടനിലെത്തി. അടുത്തയാഴ്ചയും ഇത്തരത്തിൽ നിരവധി നഴ്സുമാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇൻവെർട്ടിസ്.
പുതുതായി എൻഎച്ച്എസിലേക്ക് റിക്രൂട്ട്ചെയ്തു കൊണ്ടുവരുന്ന നഴ്സുമാർക്ക് മാത്രമാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. അവരുടെ കുടുംബാംഗങ്ങൾക്കോ ഡിപ്പൻഡൻസിനോ ഈ ഇളവ് ലഭിക്കില്ല. നിലവിൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കും മറ്റു ഹെൽത്ത് വർക്കർമാക്കും ഇളവ് ബാധകമായിരിക്കില്ല. അവർ നിർബന്ധമായും പണമടച്ച് ഹോട്ടൽ ക്വാറന്റീന് വിധേയരാകണമെന്നും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല