അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും, “റെഡ് സോണി”ൽപെടുന്ന ഇതര വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ പത്തുദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ പാലിക്കണമെന്ന യു കെ സർക്കാരിന്റെ കർക്കശ്ശ നിർദ്ദേശം അപ്രതീക്ഷിതമായ കനത്ത സാമ്പത്തിക ഭാരമാണ് യാത്രക്കാരിൽ വരുത്തി വച്ചിരിക്കുന്നത്.
പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ചെലവിലേക്കായി ആയിരത്തി എഴുനൂറ്റി അൻപത് പൗണ്ടാണ് മുൻകൂറായി യാത്രക്കാർ അടക്കേണ്ടിവരുന്നത്. കുറഞ്ഞത് മൂന്ന് പേരുള്ള ഒരു കുടുംബം ഹോട്ടൽ ക്വാറന്റീന് മാത്രമായി ആറായിരത്തോളം പൗണ്ട് അപ്രതീക്ഷിതമായി ചെലവാക്കേണ്ടി വരിക എന്നത് ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.
ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്നനിലയിലും, സാധാരണക്കാർക്ക് വലിയൊരു സമാശ്വാസം എന്നനിലയിലും, ഹോട്ടൽ ക്വാറന്റീന് ബജറ്റ് ഹോട്ടലുകളും കൂടി അനുവദിക്കുവാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറാകണമെന്ന് യുക്മ ആവശ്യപ്പെടുകയാണ്. ഇത് സംബന്ധിച്ച നിവേദനം ബന്ധപ്പെട്ട അധികാരികൾക്ക് യുക്മ ദേശീയ സമിതി സമർപ്പിച്ചു.
ഹോട്ടൽ ക്വാറൻ്റീൻ സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ അയവ് വരുത്തിക്കുവാനും, യാത്രക്കാരുടെ സൗകര്യാർത്ഥമുള്ള ഹോട്ടലുകൾ തിരഞ്ഞെടുത്ത് താമസമൊരുക്കുവാൻ സാധിക്കുന്ന തരത്തിൽ വ്യവസ്ഥയിൽ അയവ് വരുത്തണമെന്നും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ഗവൺമെൻ്റിന് നല്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ദിവസം അൻപത് പൗണ്ടിനും നൂറ് പൗണ്ടിനും ഇടയിൽ ചെലവ് വരുന്ന ഹോട്ടലുകളിൽ കൂടി ക്വാറന്റീൻ സൗകര്യം അനുവദിക്കുകയാണെങ്കിൽ, ഈ ഇനത്തിൽ ഒരു കുടുംബത്തിന് വരുന്ന ചെലവ് പകുതിയായി കുറക്കാനാവുമെന്ന് യുക്മ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല