കൊച്ചി നഗരത്തില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നത് നന്നല്ലെന്നു തെളിയിക്കുന്ന കണ്ടെത്തലാണ് ആരോഗ്യ വിദഗ്തര്‍ ഇന്നലെ നടത്തിയിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടലുകളിലും ഫ്ളാറ്റുകളിലും ആശുപത്രികളിലും ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലരുന്നുണ്െടന്ന അറിവ് മെട്രോ നഗരത്തെ ഞെട്ടിച്ചു. ഇന്നലെ ആരോഗ്യവിഭാഗം ടാങ്കര്‍ ലോറികളില്‍ നടത്തിയ പരിശോധനയിലാണു കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്െടത്തിയത്. മലിനജലമാണു പലേടത്തും വിതരണം ചെയ്യപ്പെടുന്നതെന്ന കാര്യം ദീപിക നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. തുരുമ്പു പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങളും പല ടാങ്കറുകളിലും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു കണ്െടത്തിയിട്ടുണ്ട്.
മാലിന്യം നിക്ഷേപിക്കാന്‍ ശരിയായ സ്ഥലമോ സംസ്കരിക്കാന്‍ സംവിധാനമോ ഇല്ലാത്തതിനാല്‍ മാലിന്യം ശേഖരിക്കുന്ന ടാങ്കറുകള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തട്ടി പോകുന്നതു പതിവാണ്. കായല്‍ത്തീരത്തുള്ള ഫ്ളാറ്റുകളും വില്ലകളും വീടുകളും കക്കൂസ് മാലിന്യം നേരേ കായലിലേക്ക് ഒഴുക്കുകയാണു പതിവ്. ഇങ്ങനെ മാലിന്യം നിക്ഷേപിക്കപ്പെടുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണു കളമശേരി. കുടിവെള്ള ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നും ഇവിടം തന്നെ.
ഇവിടെയുള്ള പത്തടി പാലത്തിനു സമീപമാണ് ഇന്നലെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കൊച്ചി നഗരത്തിന്റെ 2.5 ചതുരശ്ര കിലോമീറ്റര്‍ ദൂരം മാത്രമേ കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പൈപ്പുകള്‍ ഉള്ളൂ. കോര്‍പറേഷന്‍ മേഖലയുടെ വെറും അഞ്ചു ശതമാനം മാത്രമേ ഇതുള്ളൂ. കക്കൂസ് മാലിന്യം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതാണു കൊച്ചിയിലെ ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. നൂറുകണക്കിനു ഫ്ളാറ്റുകളിലെയും ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നഗരത്തില്‍ സംവിധാനമില്ല. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ മലിനീകരണം അതിന്റെ പാരമ്യതയില്‍ എത്തുന്നു.
ട്രീറ്റ്മെന്റ് പ്ളാന്റ് നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ബ്രഹ്മപുരത്ത് കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച പ്ളാന്റ് ഉപയോഗശൂന്യമായി. വന്‍കിട ഹോട്ടലുകളും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളും കെട്ടിടസമുച്ചയങ്ങളും നിര്‍മിച്ചിട്ടുള്ള ട്രീറ്റ്മെന്റ് പ്ളാന്റുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഈ ട്രീറ്റ്മെന്റ് പ്ളാന്റുകള്‍ നിര്‍മിച്ചിട്ടുള്ളതും. ഇരുന്നൂറോളം ടാങ്കറുകളിലായാണ് ഇപ്പോള്‍ നഗരത്തിലെ കക്കൂസ് മാലിന്യങ്ങള്‍ ദിവസേന നീക്കംചെയ്യുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന നാനൂറോളം തൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പാടു ചെയ്തിട്ടില്ല.
കൊച്ചി നഗരം സമുദ്രനിരപ്പില്‍നിന്നു താഴെ നില്‍ക്കുന്നതിനാല്‍ സെപ്റ്റിക് ടാങ്കുകള്‍ പെട്ടെന്നു നിറയും. വീടുകള്‍ അടുത്തടുത്തായി നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ വേറെയുമുണ്ട്. കക്കൂസ് ടാങ്കും കിണറും അടുത്തടുത്തു വരുന്നതുമൂലം കക്കൂസ് മാലിന്യങ്ങള്‍ പലപ്പോഴും കിണര്‍ വെള്ളത്തില്‍ കലരാനും സാധ്യതയേറെ. പശ്ചിമകൊച്ചിയിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായിട്ടുള്ളത്. കിണറോ കുഴല്‍ക്കിണറോ കുഴിക്കാന്‍ ശ്രമിച്ചാല്‍ മലിനജലമാകും കാണപ്പെടുക. ചില മേഖലകളില്‍ ഒന്നര സെന്റ് സ്ഥലത്താണു വീടുകള്‍ പണിതിട്ടുള്ളത്. ഈ വീടുകളുടെ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിച്ചിരിക്കുന്നതു കിടപ്പു മുറികളുടെയും അടുക്കളകളുടെയുമൊക്കെ അടിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല