സ്വന്തം ലേഖകൻ: കോവിഡ് രോഗവ്യാപനം തടയുന്നതിനായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന വിലക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം പതിനഞ്ചുവരെയാണ് വിലക്ക് തുടരുക. വൈകീട്ട് ഏഴു മുതൽ പുലർച്ച നാലുവരെ സഞ്ചാര നിയന്ത്രണവും പ്രാബല്യത്തിലുണ്ടാകും. അവശ്യവസ്തുക്കൾ വിൽകുന്ന സ്ഥാപനങ്ങൾ, അരോഗ്യ മേഖല, ഹോട്ടൽ എന്നിവക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ എന്നിവ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാം. സെൻട്രൽ ബാങ്കിെൻറ ഈ തീരുമാനം സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസകരമാണ്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് റമദാൻ അവസാന നാളുകളിലാണ്. അതിനാൽ സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാണ്.
ഒമാനിലെ പൗരന്മാരും താമസക്കാരുമായ 70 ശതമാനം പേരുടെയും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഈ വർഷം പൂർത്തിയാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ സൈദി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും കുത്തിവെപ്പ് നൽകുന്ന കേന്ദ്രങ്ങൾ ഒരുക്കുന്നതിന് നിർദേശം നൽകിയതായും മസ്കത്തിലെയും മറ്റു ഗവർണറേറ്റുകളിലെയും കൺവെഷൻ സെൻററും സ്പോർട്സ് കോംപ്ലക്സുകളും ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യു.എസ് കമ്പനിയായ ഫൈസർ ബയോ എൻടെകിെൻറ 10 ലക്ഷം വാക്സിൻ ജൂണിൽ രാജ്യത്തിന് ലഭിക്കുന്നുണ്ട്. മറ്റു കമ്പനികളിൽ നിന്നായി ഒരു ലക്ഷം വാക്സിനും ഒമാനിലെത്തും. ഇതോടെ വാക്സിൻ കാമ്പയിൻ കൂടുതൽ വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. ഒാരോ ഗവർണറേറ്റുകളിലെയും ജനസംഖ്യയനുസരിച്ച് തുല്യ അനുപാതത്തിലാണ് വാക്സിൻ നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ആരോഗ്യ മേഖലയിലെ 90 ശതമാനം പേരും ഇതിനകം വാക്സിെൻറ ഒന്നാം ഡോസ് സ്വീകരിച്ചതായും സ്വകാര്യ മേഖലക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 65 വയസ്സിന് മുകളിലുള്ള 95 ശതമാനം പേരും ഇതിനകം രാജ്യത്ത് വാക്സിനെടുത്തിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ 45 വയസ്സ് കഴിഞ്ഞവർക്ക് കുത്തിവെപ്പ് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല