1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും സുരേഷ് റെയ്നയും പിന്നെ രവീന്ദ്ര ജഡേജയും. ബൌളിംഗില്‍ ജഡേജയും അശ്വിനും പുതുമുഖം ഉമേഷ് യാദവും. ഇന്ത്യന്‍ ടീം മനസുണര്‍ന്നു കളിച്ചു. പൂര്‍ണമായും ഒരു പ്രഫഷണല്‍ സമീപനം ഇന്ത്യ പുറത്തെടുത്തതോടെ ഇംഗ്ളണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 126 റണ്‍സിന്റെ കൂറ്റന്‍ ജയം. സ്കോര്‍ ഇന്ത്യ ഏഴിന് 300, ഇംഗ്ളണ്ട് 36.1 ഓവറില്‍174ന് പുറത്ത്.

അര്‍ധ സെഞ്ചുറി നേടി ധോണി (87 നോട്ടൌട്ട്) മുന്നിന്‍നിന്നു നയിച്ചപ്പോള്‍ റെയ്ന(61) അദ്ദേഹത്തിനു മികച്ച പിന്തുണനല്കി. ഇംഗ്ളണ്ടിനെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിനു കരുത്തായത് ഇവര്‍ രണ്ടുപേരുമാണ്. തുടക്കത്തിലെ തപ്പിത്തടഞ്ഞു മുന്നേറിയ ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത് ഇവരുടെ ബാറ്റിംഗാണ്. ഈര്‍പ്പം നിറഞ്ഞ വേഗംകുറഞ്ഞ പിച്ചില്‍ രവീന്ദ്ര ജഡേജയും അശ്വിനും തകര്‍പ്പന്‍ ബൌളിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ ജയം അനായാസമായി.ജഡേജയും അശ്വിനും മൂന്നുവിക്കറ്റ് വീതം നേടി.

സ്കോര്‍ ബോര്‍ഡില്‍ കേവലം 17 റണ്‍സ് മാത്രമുള്ളപ്പോള്‍ പാര്‍ഥിവ് പട്ടേലിനെ റണ്ണൌട്ടാക്കിക്കൊണ്ട് ഇംഗ്ളണ്ട് തുടക്കം ഭംഗിയാക്കി. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന ഗംഭീറും പുതുമുഖം അജിങ്ക്യ രഹാനെയും ഇന്ത്യന്‍ സ്കോര്‍ ക്ഷമാപൂര്‍വം ഉയര്‍ത്തി. സ്വാന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച രഹാനെയ്ക്കു പിഴച്ചു. ക്വീസ്വെറ്റര്‍ക്ക് രഹാനയെ സ്റംപ് ചെയ്തു പുറത്താക്കാന്‍ സമയം ധാരാളമായിരുന്നു. മികച്ച ഫോമിലുള്ള കോഹ്ലിയും ഗംഭീറും ഇന്ത്യയുടെ കരുത്താകുമെന്നു തോന്നിപ്പിച്ച അവസരത്തിലാണ് ഗംഭീറിന്റെ പുറത്താകല്‍.

ഡെന്‍ബാഷിന്റെ പന്തിന്റെ ഗതി മനസിലാക്കാതെ പോയ ഗംഭീര്‍ എല്‍ബിയില്‍ കുടുങ്ങി. ഇന്ത്യ 17.5 ഓവറില്‍ മൂന്നിന് 79. അധികം താമസിയാതെ 37 റണ്‍സെടുത്ത കോഹ്ലിയും പുറത്തായതോടെ ഇന്ത്യ 28.5 ഓവറില്‍ 123 എന്നനിലയില്‍ തകര്‍ന്നു. പിന്നീടാണ് നിര്‍ണായകമായ റെയ്ന- ധോണി കൂട്ടുകെട്ട് പിറന്നത്. തുടക്കത്തില്‍ അല്പം പതറിയ ധോണി ക്രമേണ താളംകണ്െടത്തി റെയ്നയ്ക്കു മികച്ച പിന്തുണ നല്കി. അഞ്ചുഫോറും രണ്ടു സിക്സുമടക്കം 61 റണ്‍സെടുത്ത റെയ്ന അനാവശ്യ ഷോട്ടിനുശ്രമിച്ചാണ് കൂടാരം കയറിയത്.

72 റണ്‍സ് കൂട്ടുകെട്ടു പടുത്തുയര്‍ത്തിയ ധോണിയും റെയ്നയും മധ്യനിരയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റെയ്ന പുറത്തായശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ മിന്നുന്ന ഫോമിലായിരുന്നു. പട്ടേലിനെതിരേ തുടര്‍ച്ചയായ രണ്ടു സിക്സറുകള്‍ പറത്തിയ ജഡേജ ഇന്ത്യയുടെ സ്കോര്‍ ശരവേഗത്തിലാക്കി. എന്നാല്‍, ഇല്ലാത്ത റണ്ണിനോടിയ ജഡേജ(27) റണ്ണൌട്ടായി.

ബ്രസ്നന്റെ നേരിട്ടുള്ള ഏറില്‍ കുറ്റി തെറിക്കുകയായിരുന്നു. തൊട്ടുപിന്നാലെ അശ്വിനും റണ്ണൌട്ട്. അവസാന ഓവറുകളില്‍ ധോണിയുടെ മികച്ച ഷോട്ടുകള്‍ ഇന്ത്യയെ മുന്നൂറു റണ്‍സിലെത്തിച്ചു. 70 പന്തില്‍ 10 ബൌണ്ടറിയും ഒരു സിക്സുമടക്കം 87 റണ്‍സ് നേടിയ ധോണി പുറത്താകാതെനിന്നു. ഇംഗ്ളണ്ടിനുവേണ്ടി സ്വാനും ഡെന്‍ബാഷും ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനു തുടക്കത്തിലേ ഓപ്പണര്‍ കീസ്വെറ്ററെ നഷ്ടപ്പെട്ടു. പ്രവീണ്‍കുമാറിന്റെ പന്തില്‍ ധോണി പിടിച്ചാണ് കീസ്വെറ്റര്‍ പുറത്തായത്. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന് ഇംഗ്ളീഷ് നായകന്‍ അലിസ്റര്‍ കുക്കും കെവിന്‍ പീറ്റേഴ്സനും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. എന്നാല്‍, അധികം താമസിയാതെ പീറ്റേഴ്സനും പുറത്തായി. 19 റണ്‍സെടുത്ത കെപി റണ്ണൌട്ടാവുകയായിരുന്നു. എന്നാല്‍, കുക്കും ജൊനാഥന്‍ ട്രോട്ടും ഒത്തുചേര്‍ന്നതോടെ ഇംഗ്ളണ്ട് സ്കോറിംഗിനു ജീവന്‍വച്ചു. ഒടുവില്‍ രവീന്ദ്രജഡേജയുടെ ഇരട്ടപ്രഹരം അവരെ 24.4 ഓവറില്‍ നാലിന് 120 എന്നനിലയില്‍ തകര്‍ത്തു.
60 റണ്‍സെടുത്ത കുക്കിനെ ജഡേജ വിനയ്കുമാറിന്റെ കൈകളിലെത്തിച്ചപ്പോള്‍ 27 റണ്‍സെടുത്ത ട്രോട്ടിനെ ബൌള്‍ഡാക്കി. ഇതോടെ ഇംഗ്ളണ്ടിന്റെ പതനം തുടങ്ങി.

ബൊപ്പാരയെ (8)യും ബ്രസ്നനെയും(4) അശ്വിന്‍ വീഴ്ത്തിയപ്പോള്‍ ബെയര്‍സ്റോയെ(3) ജഡേജ മടക്കി. ഗ്രേയം സ്വാനിന്റെ വിക്കറ്റ് ആദ്യ ഏകദിനംകളിക്കുന്ന ഉമേഷ് യാദവിനാണ്. അവസാന വിക്കറ്റ് ഡെന്‍ബാഷിന്റെ രൂപത്തില്‍ അശ്വിനു ലഭിച്ചു. ഒടുവില്‍ ഇംഗ്ളണ്ട് റണ്‍സിനു 174 പുറത്ത്. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0നു മുന്നിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.