ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി എന്നും വിവാദങ്ങളുടെ തോഴനാണ് അതുകൊണ്ട് തന്നെ കുപ്രസിദ്ധിയുടെ കാര്യത്തിലും ലോകത്തിലെ നേതാക്കന്മാരില്‍ മുന്പന്തിയിലുമാണ്. സ്ത്രീ വിഷയങ്ങളിലുള്ള ഇദ്ദേഹത്തിന്റെ വീക്നെസ് മൂലം ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം നേരിട്ട നേതാവെന്ന കുപ്രസിദ്ധിയാണ് ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ നടന്ന നിര്‍ണായക വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിക്ക് അപ്രതീക്ഷിത വിജയം കൈവരിച്ചതോടു കൂടി സ്വന്തമായിരിക്കുന്നത്.
ലൈംഗികാരോപണങ്ങള്‍ ലോകത്ത് എല്ലായിടത്തും അധികാര പഥവികളില്‍ നിന്നും ഒരാളെ ഇറക്കിവിടാന്‍ പയറ്റുന്ന പ്രധാന ആയുധങ്ങളില്‍ ഒന്നാണെങ്കിലും ബര്‍ലുസ്കോണി ഇതിലൊന്നും വീഴില്ലയെന്നു തന്നെയാണ് അദ്ദേഹം ഓരോ നിമിഷവും തെളിയിച്ചു കൊണ്ടിരിക്കുന്നത്. ലൈംഗികാരോപണങ്ങളും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ബര്‍ലുസ്കോണിയെ താഴെ വീഴ്ത്തുമെന്നാണ് പൊതുവേ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവുചുരുക്കല്‍ നടപടികളുടെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ ബജറ്റ് പാസാക്കാനാവാതെ വന്നതോടെയാണു വിശ്വാസവോട്ടെടുപ്പു വേണ്ടിവന്നത്.
630 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് 316 അംഗങ്ങളുടെ പിന്തുണയാണു വേണ്ടത്. വിശ്വാസവോട്ടെടുപ്പില്‍ സ്വന്തംപാര്‍ട്ടിയായ ഫ്രീഡംപാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും ബര്‍ലുസ്കോണിയെ പിന്തുണയ്ക്കാന്‍ സാധ്യതയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും കേവല ഭൂരിപക്ഷവുമായി ഇനി അധികംനാള്‍ ബര്‍ലുസ്കോണിയ്ക്കു മുന്നോട്ടുപോകാനാവില്ലെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ നിഗമനം. അടുത്ത വസന്തകാലത്തിനുമുമ്പു രാജ്യത്തു പൊതുതെരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ഒരു വോട്ടിനാണു കഴിഞ്ഞ ചൊവ്വാഴ്ച ബജറ്റ് പാസാകാതെ പോയത്. ഇതേത്തുടര്‍ന്നു പ്രധാനമന്ത്രി വിശ്വാസവോട്ടു തേടണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനായി ബര്‍ലുസ്കോണി കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടികള്‍ ജനങ്ങളുടെയാകെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശമ്പളവും പെന്‍ഷനും വെട്ടിച്ചുരുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഇന്നലേയും രണ്ടുലക്ഷംപേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം റോമില്‍ അരങ്ങേറി. നിരവധി ലൈംഗികാരോപണങ്ങളും കൈക്കൂലി, അധികാരദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങളും ബര്‍ലുസ്കോണിയെ തിരിഞ്ഞുകൊത്തി. എന്നാല്‍ പാര്‍ലമെന്റില്‍ തനിക്കു വ്യക്തമായ ഭൂരിപക്ഷമുണ്െടന്നും രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇടക്കാല തെരഞ്ഞെടുപ്പുകൊണ്ടു പരിഹാരമാകുകയില്ലെന്നും ബര്‍ലുസ്കോണി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല