സ്വന്തം ലേഖകൻ: ഗാസയിലെ അഭയാർഥി ക്യാംപിലടക്കം ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 8 കുട്ടികളടക്കം 15 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയ്ക്കു ശേഷം ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 139 ആയി. ഇതിൽ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടുന്നു. ആയിരത്തിലേറെപ്പേർക്കു പരുക്കേറ്റു.
ഇതേസമയം, തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണങ്ങൾ തുടർന്നു. ഇന്നലത്തെ ആക്രമണത്തിൽ ബീർഷേബ നഗരത്തിൽ 19 പേർക്കു പരുക്കേറ്റു. ടെൽ അവീവ് നഗരമേഖലയിലെ കെട്ടിടത്തിൽ റോക്കറ്റ് പതിച്ച് ഒരാൾ മരിച്ചു. ഇസ്രയേലിൽ ഇതുവരെ 2 കുട്ടികൾ അടക്കം 10 പേർ കൊല്ലപ്പെട്ടു.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതി ഇന്നു ചേരാനിരിക്കെ, വെടിനിർത്തൽ ചർച്ചകൾ ഊർജിതമാക്കാൻ യുഎസ് പ്രതിനിധി ഹാദി അമർ ഇസ്രയേലിൽ എത്തി. ഗാസ സിറ്റിയിലെ 3 നില അഭയാർഥി കെട്ടിടത്തിനുനേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ബന്ധുകുടുംബങ്ങളിലെ 8 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടത്. ഈ കുടുംബത്തിലെ 5 മാസം പ്രായമുള്ള കുഞ്ഞിനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷിച്ചു.
ഇന്നലെ ഉച്ചയ്ക്കുശേഷം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസ സിറ്റിയിലെ രാജ്യാന്തര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന 12 നില കെട്ടിട സമുച്ചയവും തകർന്നു. അൽ ജസീറ, അസോഷ്യേറ്റ് പ്രസ് (എപി) എന്നിവയുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർത്തത്. മുന്നറിയിപ്പു സന്ദേശം ലഭിച്ചിരുന്നതിനാൽ ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഹമാസിന്റെ മിസൈൽ ആക്രമണത്തെ പിന്തുണയ്ക്കുന്ന അൽജസീറ ടിവി ആസ്ഥാനമായ 11 നില കെട്ടിടം ശനിയാഴ്ച രാവിലെയാണ് തകർന്നു തരിപ്പണമായത്. കെട്ടിടം തകർന്നു വീഴുന്നത് അൽജസീറ ടിവി ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു. പശ്ചിമേഷ്യ സംഘർഷം ശക്തിപ്പെട്ടതോടെ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഇസ്രയേൽ -പലസ്തീൻ തലവന്മാരായ ബെഞ്ചമിൻ നെതന്യാഹു ,മുഹമ്മദ് അബ്ബാസ് എന്നിവരെ ഫോണിൽ ബന്ധപ്പെട്ടു. ഇസ്രയേലിനുള്ള പിന്തുണ ബൈഡൻ ആവർത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല