സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്കു വരുന്ന യാത്രികർക്കായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ പ്രത്യേകം ടെർമിനൽ സജ്ജമാക്കുന്നു. കോവിഡ് മൂലം ഒരു വർഷമായി അടച്ചിട്ടിരിക്കുന്ന മൂന്നാം നമ്പർ ടെർമിനലാണ് ജൂൺ ഒന്നുമുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കു മാത്രമുള്ളതാക്കി തുറക്കുന്നത്.
ട്രാഫിക് ലൈറ്റ് സിസ്റ്റത്തിൽ രാജ്യങ്ങളെ ഗണം തിരിച്ച് ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്കും ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്കും യാത്രാ ഇളവുകൾ അനുവദിച്ചതോടെ ഹീത്രൂ വിമാനത്താവളത്തിൽ ഉണ്ടായ തിരക്കു കണക്കിലെടുത്താണ് റെഡ് ലിസ്റ്റ് രാജ്യങ്ങൾക്കായി പ്രത്യേക ടെർമിനൽ തുറക്കുന്നത്.
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്നും വരുന്ന യാത്രക്കാർ എമിഗ്രേഷൻ കൗണ്ടറിലും ബാഗേജ് കളക്ഷൻ പോയിന്റിലുമെല്ലാം മറ്റു യാത്രക്കാരുമായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ രാജ്യങ്ങൾക്കായി പ്രത്യേക ടെർമിനൽ എന്ന ആശയം പ്രാവർത്തികമാക്കുന്നത്. മൂന്നാം നമ്പർ ടെർമിനലിൽ ഇറങ്ങുന്ന യാത്രക്കാരെല്ലാം ഇതോടെ ഹോട്ടൽ ക്വാറന്റീൻ വേണ്ടവരാണെന്ന് പെട്ടെന്ന് തിരിച്ചറിയാനുമാകും.
12 രാജ്യങ്ങളാണ് ക്വാറന്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. ഹോം ക്വാറന്റീൻ മാത്രം മതിയാകുന്ന ആംബർ ലിസ്റ്റിൽ എൺപതിലേറെ രാജ്യങ്ങളുണ്ട്. ഇന്ത്യ ഉൾപ്പെടെ അതിതീവ്ര വ്യാപനം നിലനിൽക്കുന്ന നാൽപതിലേറെ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ.
അതിനിടെ തിങ്കളാഴ്ച മുതൽ ബ്രിട്ടനിൽനിന്നുള്ളള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി സ്പെയിൻ അറിയിച്ചു. പിസിആർ ടെസ്റ്റ് പോലും നടത്താതെ സ്പെയിനിലേക്ക് ബ്രിട്ടീഷുകാർക്ക് യാത്രചെയ്യാം. എന്നാൽ യാത്രാവിലക്ക് നീങ്ങുമെങ്കിലും സ്പെയിനിലേക്ക് അത്യാവശ്യ യാത്രകൾ മാത്രം നടത്തുന്നതാകും ഉചിതമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
സ്പെയിൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവർ ഹോം ക്വാറന്റീന് വിധേയരാകേണ്ടതുമുണ്ട്. വിനോദയാത്രകൾക്കായി ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളെ തിരഞ്ഞെടുക്കാതിരിക്കുന്നതാകും ഉചിതമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് നിർദേശിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ടൂറിസം പ്രമോഷന്റെ ഭാഗമായി രൂപം നൽകിയ വൈറ്റ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം.
ഓസ്ട്രേലിയ, ഇസ്രയേൽ, ന്യൂസിലാൻഡ്, റുവാണ്ട, സിംങ്കപ്പൂർ, സൌത്ത് കൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയന്റെ വൈറ്റ് ലിസ്റ്റിലുള്ളത്. ഈ രാജ്യങ്ങളിലെ പൌരന്മാർക്ക് യാതൊരു കോവിഡ് നിയന്ത്രണങ്ങളുമില്ലാതെ ഫ്രീയായി യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്താം.
ബ്രിട്ടനിൽ കോവിഡ് മരണനിരക്ക് തുടർച്ചയായ ആറാം ദിവസവും പത്തിൽ താഴെ രേഖപ്പെടുത്തിയ ദിവസമായിരുന്നു കഴിഞ്ഞു പോയത്. 913 പേർ മാത്രമാണ് കേവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. ദിവസേന രണ്ടായിരത്തിലേറെ ആളുകൾ ഇപ്പോഴും രോഗികളാകുന്നുണ്ടെങ്കിലും രോഗം വഷളാകുന്നവരുടെ എണ്ണവും മരണവും വാക്സിനേഷന്റെ ഫലമായി ഇല്ലാതാകുന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല