സ്വന്തം ലേഖകൻ: ലോക്ഡൗണും കോവിഡും വില്ലനായതോടെ വിവാഹം ഒരു വർഷത്തോളം നീട്ടിവെയ്ക്കേണ്ടി വന്ന മലയാളികൾക്ക് കോടതി ഇടപെട്ട് ആഗ്രഹ സാഫല്യം . തൃശ്ശൂർ സ്വദേശിനി ബെഫി ജീസണിന്റെയും അമേരിക്കയിൽ പൗരത്വമുള്ള പൂഞ്ഞാർ സ്വദേശി ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് വെള്ളിയാഴ്ച നടന്നത്.
കഴിഞ്ഞ മെയിൽ ആണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അന്ന് ദേശീയലോക്ഡൗൺ മൂലം മുടങ്ങി. ഇത്തവണ സംസ്ഥാനം പ്രഖ്യാപിച്ച ലോക്ഡൗണ്‍ ആണ് വിവാഹം മുടക്കിയത്. ഡെന്നിസിന്റെ അവധി തീരുന്ന അവസാന ദിവസം കൂടിയായിരുന്നു ഇന്നലെ. വിവാഹം കഴിഞ്ഞ അന്ന് വൈകുന്നേരം തന്നെ വരൻ അമേരിക്കയിലേക്ക് പറന്നു.
രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ വൈകാതെ ബെഫിയും അമേരിക്കയിലേക്ക് പോകും. 30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാൻ സാധിക്കാത്തതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കാത്തതിനാല്‍ തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകി. എന്നാൽ, ഇതിൽ നടപടി ഉണ്ടായില്ല. തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഒടുവിൽ വിവാഹം നടത്തി നൽകാൻ സബ് രജിസ്ട്രാർ ഓഫീസറോട് കോടതി നിർദേശിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല