സ്വന്തം ലേഖകൻ: ഡൽഹി ജി.ബി.പന്ത് ആശുപത്രിയിൽ
മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു ഏർപെടുത്തിയ വിലക്ക് പിൻവലിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ജയ്റാം രമേശ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മലയാളം സംസാരിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു എന്നു കാണിച്ച് നഴ്സിങ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്.
എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവരവരുടെ ഭാഷയാണ് സംസാരിക്കുന്നതെന്ന് മലയാളി നഴ്സുമാർ പറഞ്ഞു. മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നു മലയാളി നഴ്സുമാർ പറഞ്ഞു. ഇനി മുതൽ ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നായിരുന്നു പുതിയ ഉത്തരവ്. ഇതാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്.
ഭാഷാപരമായ വ്യത്യാസത്തിന്റെ പേരില്‍ ഉള്ള വിവേചനം അംഗീകരിക്കാന്‍ ആകില്ലെന്ന് കേരളത്തില്‍ നിന്നുള്ള എം.പി കൂടിയായ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് പന്തിന്റെ നടപടിയോട് ശശി തരൂര്‍ എംപി പ്രതികരിച്ചത്. പ്രതിഷേധം ശക്തമായതോടെ ആരാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നത് ഉള്‍പ്പടെയുടെ കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന് ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകിട്ടാണ് ജി.ബി പന്ത് ആശുപത്രിയില്‍ നഴ്സുമാര്‍ മലയാളം സംസാരികരുതെന്ന സര്‍ക്കുലര്‍ ആക്ടിങ് നഴ്സിങ് സൂപ്രണ്ട് ഇറക്കിയത്. പരസ്പരമുള്ള ആശയ വിനിമയത്തിന് ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് ഉപയോഗിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു.
ഡല്‍ഹി സെക്രട്ടറിയേറ്റില്‍ ആരോ പരാതി നല്‍കിയതാണ് ഈ വിവാദ ഉത്തരവിറക്കാന്‍ കാരണമെന്നാണ് നഴ്സുമാര്‍ക്ക് കിട്ടിയ വിവരം. മലയാളികളായ നഴ്സുമാർ തമ്മില്‍ മലയാളം സംസാരിച്ചതാണ് പരാതിക്ക് കാരണമായി പറയുന്നത്. എന്നാല്‍ ആരാണ് പരാതി നല്‍കിയതെന്ന് വ്യക്തമല്ല.
1000- ഓളം നഴ്സുമാരാണ് പന്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 500 ലധികം പേര് മലയാളികളാണ്. 1991 മുതല്‍ ആശുപത്രിയിലെ 50 ശതമാനം സ്റ്റാഫും മലയാളികളാണ്. മെഡിക്കല്‍ സൂപ്രണ്ടിന്റെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നഴ്സിങ് സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടിസും നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല