സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ (ശനി) യാണ് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ എന്നിവർ വാഹനാപകടത്തിൽ മരിച്ചത്.
നജ്റാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നജ്റാനിലെ സാമൂഹിക പ്രവർത്തകരും യുഎൻഎ സൗദി മേഖലാ നേതൃത്വവും ശ്രമം തുടങ്ങി. പരുക്കേറ്റ മലയാളി നഴ്സുമാരായ സ്നേഹ, റിൻസി എന്നിവർ നജ്റാൻ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മലയാളിയായ ഡ്രൈവർ അജിത് കിങ് ഖാലിദ് ആശുപത്രിയിലാണ് ചികിൽസയിൽ കഴിയുന്നത്.
വെള്ളിയാഴ്ച രാത്രി നഴ്സുമാർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. നജ്റാനിൽനിന്ന് 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി മടങ്ങവേയായിരുന്നു അപകടം. പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കുര്യനുമായി, ജനുവരി 24ന് ആയിരുന്നു ഷിൻസിയുടെ വിവാഹം.
ബഹ്റൈനിൽ നഴ്സായ ബിജോയ്ക്കൊപ്പം ജോലി ശരിയായതിനെ തുടർന്ന് രാജിവച്ച് അവിടേക്കു പോകാൻ കാത്തിരിക്കുമ്പോഴാണു ദുരന്തം. ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളാണ്. വിജയൻ ശിവരാജനും ജലജയുമാണ് അശ്വതിയുടെ മാതാപിതാക്കൾ. ഭർത്താവ്: ജിജോഷ് മിത്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല