1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2011

ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. കൂര്‍ക്കം വലി ഒരു രോഗലക്ഷണമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. നാം ശ്വസിക്കുന്ന വായു ശ്വാസകോശത്തില്‍ എത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടാകുമ്പോഴാണ് കൂര്‍ക്കം വലിക്കുന്നത്. ഇതിനോടനുബന്ധിച്ച് പലരിലും അല്പനേരത്തേക്ക് ശ്വാസം തടസ്സപ്പെടുന്നുണ്ടെങ്കിലും അവര്‍ അതറിയാറില്ലെന്നതാണ് വാസ്തവം. ഈ താല്‍ക്കാലിക തടസ്സം പിന്നീട് പല മാരകരോഗങ്ങള്‍ക്കും കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശ്വാസം അകത്തേക്കും പുറത്തേക്കും പ്രവഹിക്കുന്ന മാര്‍ഗ്ഗത്തെ വികസിപ്പിക്കുന്ന പേശികളിലുണ്ടാവുന്ന അയവാണ് താല്‍ക്കാലികമായ ശ്വാസതടസ്സത്തിനു കാരണമാകുന്നത്. ഇതിനെ അവഗണിച്ചു മുമ്പോട്ടു പോകുന്നവര്‍ക്ക് നിദ്രാഭംഗമുണ്ടാവുന്നു. ഒബ്‌സ്ട്രക്ടീവ് സ്‌ളീപ്പ് അപ്നിയ(Obstructive sleep Apnea) എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഈ രോഗം ഉള്ളവര്‍ ഉറക്കത്തിനിടയില്‍ അനേകം പ്രാവശ്യം ഉണരുന്നു.

രോഗലക്ഷണങ്ങള്‍
1. അമിതമായ കൂര്‍ക്കം വലിയും ഇടയ്ക്കിടെയുള്ള ശ്വാസം നില്‍ക്കലും
2. അമിതമായ പകല്‍ ഉറക്കം
3. ശ്വാസം കിട്ടാതെ ഇടയ്ക്കിടെ ഞെട്ടി ഉണരുക
4. ഉറക്കത്തിലും അമിതമായി കൈകാലുകള്‍ ചലിപ്പിക്കുക
5. രാവിലേയുള്ള അസഹ്യമായ തലവേദന
6. ഓര്‍മ്മക്കുറവ്, ദേഷ്യം, ക്ഷീണം, ഉന്മേഷക്കുറവ്

മേല്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്. ഉറക്കത്തിലെ ക്രമക്കേടുകള്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പല ഭവിഷ്യത്തുകളും തടയാനാവും. നിദ്രാശ്വസന പഠനം (Polysomnography/ Sleep study) വഴി ഡോക്ടര്‍മാര്‍ക്ക് ഇന്ന് ഒരു വ്യക്തിയ്ക്ക് നിദ്രാശ്വസനതടസ്സ രോഗമുണ്ടോ എന്നു കണ്ടുപിടിക്കാനാവും.

സാധാരണയായി ഈ പഠനം രാത്രിയിലാണു നടത്തുക. രോഗിയുടെ ഹൃദയമിടിപ്പ്, ഉറക്കത്തില്‍ എത്രപ്രാവശ്യം ശ്വാസോച്ഛ്വാസം നിലക്കുന്നു, രക്തത്തിലെ പ്രാണവായുവിന്റെ അളവ് എത്രത്തോളം കുറയുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നീ കാര്യങ്ങളാണ് ഈ പഠനത്തില്‍ വിഷയമാകുന്നത്. ഒരു രാത്രിയില്‍ ആശുപത്രിയിലെ ലാബറട്ടറിയില്‍ ഉറങ്ങേണ്ടി വരും എന്നതു മാത്രമാണ് രോഗിയ്ക്കുള്ള ബാധ്യത.

രോഗം കണ്ടെത്തിയാല്‍ ശരീരത്തിന്റെ ഭാരം കുറയ്ക്കല്‍ വഴി ഭൂരിഭാഗം പേര്‍ക്കും ആശ്വാസം ലഭിക്കുന്നതായാണ് കണ്ടു വരുന്നത്. ഉറങ്ങുന്ന സമത്ത് വായു പ്രവഹിക്കുന്ന മാര്‍ഗ്ഗങ്ങളെ വികസിപ്പിച്ചു നിര്‍ത്തുന്നതിന് സീപാപ്പ് (CPAP) എന്ന ഉപകരണവും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. ചിലരില്‍ ശസ്ത്രക്രിയയിലൂടെയും രോഗം ഭേദപ്പെടുത്താറുണ്ട്.

ചികിത്സിച്ചില്ലെങ്കില്‍ നിദ്രാശ്വസന തടസ്സ രോഗം അമിതമായ രക്ത സമ്മര്‍ദ്ദം, ഹൃദ്‌രോഗം, പക്ഷാഘാതം, ലൈംഗിക ശേഷിക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയ്ക്കു കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് കൂര്‍ക്കം വലിക്കുന്നവരെ പരിഹസിക്കാതെ ഇതൊരു ആരോഗ്യ പ്രശ്‌നമാണെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ഒപ്പം നിങ്ങള്‍ കൂര്‍ക്കം വലിക്കുന്നുണ്ടോ എന്നറിയാന്‍ പങ്കാളിയെ ചുമതലപ്പെടുത്തുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.