റിയാല്‍റ്റി ഷോകളുടെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ നമുക്കല്പം അധികം സംശയങ്ങള്‍ ഉണ്ടാകാനിടയുണ്ടെങ്കിലും, കലയുടെ നിലവാരം അതെന്തായാലും ജനങ്ങള്‍ കൂടെയുള്ളതിനെയാണ് നാം ജനകീയ കലയായി കരുതി പോരുന്നത് എന്നിരിക്കെ ഈ കാലഘട്ടത്തിലെ ജനകീയ കല റിയാല്‍റ്റി ഷോകള്‍ തന്നെയാണ്. ചെമ്പൈയുടെ കീര്‍ത്തനങ്ങളും ഭരതന്റെ നാട്യശാസ്ത്രവും അക്കാദമിക് ഗൌരവത്തോടെ പരിഗണിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടത് നല്കുന്ന ടിവി ചാനലുകള്‍ ചൂണ്ടിക്കാണിക്കുന്ന ”സംഗതി”കളില്‍ കലയുടെ നിര്‍വചനം സാധ്യമാകുന്നു. സബാഷ് വിളികളോ കയ്യടികളോ അല്ല എസ്എംഎസ് വോട്ടുകളാണ് ജനകീയകലാകാരനെ മുന്നോട്ടു നയിക്കുന്നത്. കയ്യടിയുടെ ആഹ്ളാദം കലാകാരന്റെ ഹൃദയത്തിലും അന്തരീക്ഷത്തിലും ലയിക്കുമ്പോള്‍ എസ്എംഎസ് ബില്ലുകളുടെ ഒരു ഭാഗം സര്‍വീസ് ഓപ്പറേറ്റര്‍ക്കും സിംഹഭാഗം പ്രോഗ്രാം പ്രൊഡ്യൂസര്‍ക്കും ലഭിക്കുന്നു.
ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ ദ് അഡ്വഞ്ചേഴ്സ് ഓഫ് ഓസ്സി ആന്‍ഡ് ഹാരി ആണ് ലോകത്തിലെ ആദ്യത്തെ റിയാലിറ്റി ഷോ ആയി പരിഗണിക്കപ്പെടുന്നത്. ഒരു ബാന്‍ഡ് ലീഡറായ ഓസ്വാള്‍ഡിന്റെയും ഭാര്യ ഹാരിയറ്റിന്റെയും ജീവിതത്തിലെ സംഭവങ്ങള്‍ അതേ പടി ടിവിയിലവതരിപ്പിച്ചായിരുന്നു ഷോയുടെ തുടക്കം. ആദ്യ റിയാലിറ്റി ഷോ 31 വര്‍ഷം തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു. മറ്റൊരു രസകരമായ വസ്തുത ‘ദ് അഡ്വഞ്ചേഴ്സ് ഓഫ് ഓസ്സി ആന്‍ഡ് ഹാരി’ തുടങ്ങിയത് റേഡിയോയിലായിരുന്നു. 1935ല്‍ തുടങ്ങിയ ഇത് ടിവി ഷോയാകുന്നത് 1952ലാണ്. എബിസി ചാനല്‍ 1966 വരെ പരിപാടി സംപ്രേഷണം ചെയ്തു. ഷോ പുരോഗമിക്കുന്നതനുസരിച്ച് നായകനും നായികയ്ക്കും മക്കളുണ്ടായി, അവരും ഷോയുടെ ഭാഗമായി. ഷോ അവസാനഘട്ടമെത്തിയപ്പോഴേക്കുംഓസ്വാള്ഡിന്റെയും ഹാരിയറ്റിന്റെയും മക്കളും വിവാഹിതരായി അവരുടെ ഭാര്യമാരും ഷോയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. അതെ അതുതന്നെയാണല്ലോ മലയാളത്തിലെ ജനപ്രിയ റിയാല്‍റ്റി ഷോ ഐഡിയ സ്റ്റാര്‍ സിങ്ങരും ചെയ്തു കൊണ്ടിരിക്കുന്നത്, ആണ് ഐ ഡിയ കാന്‍ ചെന്ജ് യുവര്‍ ലൈഫ് എന്ന് പറയുന്നത് പോലെ മത്സരാര്‍ഥികളുടെ ജീവിതം തന്നെ മാറ്റി മറിക്കുക.
എങ്കിലും റിയാല്‍റ്റി ഷോകളുടെ കച്ചവട സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ശാരീരിക വൈകല്യമുള്ള പലരെയും ഉള്‍പ്പെടുത്തി, സംഗതി ആകെയൊന്നു കൊഴുപ്പിക്കാറുണ്ട് നമ്മുടെ ചാനലുകള്‍ എന്നിരിക്കെ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ സുകേഷ് കുട്ടന് ഇത്തരക്കാര്‍ക്കൊരു അപവാദം തന്നെയാണ്. നമ്മുടെ കുട്ടന് ചാനലിനു ഒരു എസ്എംഎസ് ബാങ്ക് മാത്രമല്ലന്ന് തന്റെ ആദ്യ പ്രകടനം കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു. സ്വന്തം അമ്മയും സംഗീതവും മാത്രം നെഞ്ചേറ്റിയ ഈ കുട്ടന് ഇപ്പോള്‍ തന്നെ നമ്മുടെയെല്ലാം വീട്ടിലെ ഒരാളായി കഴിഞ്ഞിരിക്കുന്നു. ഒട്ടിസം എന്ന രോഗം തന്റെ പ്രതിഭയ്ക്കു തടസമാവില്ല എന്ന് തെളിയിക്കുകയാണോ ഈ മിടുക്കന് ?
അതി മനോഹരമായ, ഗംഭീരമായ ഒരു ശബ്ദം സുകേഷ് കുട്ടന് ദൈവം കനിഞ്ഞു നല്‍കിയിട്ടുണ്ട് ഒപ്പം സംഗീതം അണ മുറിയാതെ ഒഴുകുന്ന ഒരു മനസ്സും. എന്ത് വൈകല്യം ഉണ്ടായാലും അതൊന്നും ഈ അനുഗ്രഹീത കലാകാരന്റെ സംഗീത സപര്യക്ക് ഒരു വിഘ്നവും ഉണ്ടാക്കാന്‍ പോകുന്നില്ല എന്ന വിശ്വാസം നമുക്കുണ്ട് എങ്കിലും ചാനലുകളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് മുന്നില്‍ ഈ കുട്ടന് ബാലിയാടാകാതിരുന്നാല് മതിയെന്നൊരു പ്രാര്‍ത്ഥന മാത്രമാണ് നമുക്ക് നല്കാനാകുന്നത്. നിറഞ്ഞൊഴുകുന്ന പുഴയെ തടുത്തു നിര്‍ത്താന്‍ പാറക്കെട്ടുകള്‍ക്ക് കഴിയില്ല, പക്ഷെ അത് പുഴയുടെ ശക്തി കൊണ്ടല്ല പരിശ്രമം കൊണ്ട് മാത്രമാണ്. ‘നീയൊരു പുഴയായ്..’എന്ന് സുകേഷ് കുട്ടന് പാടുമ്പോള്‍ അവന് തന്നെ ഒരു പുഴയായി സംഗീതത്തില്‍ ഒഴുക്കുന്നത് സ്വപ്നം കണ്ടു തുടങ്ങിയവരാണ് നാം ഓരോരുത്തരും.
വാക്കുകള്‍ക്കതീതമായി ജീവനും സംഗീതവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ഒരു അത്ഭുത പ്രതിഭയാണ് സുകേഷ്. ഹരിഹരന് ഞാനങ്ങോട്ടു വന്നോട്ടെ എന്ന് ചോദിച്ചപ്പോഴെക്കും, മറ്റു കുട്ടികളെക്കാള്‍ ഒരു പടി മുകളില്‍ വിനയവുമായി സുകേഷ് ഹരിജിയുടെ അടുത്തേക്ക്. അനുകരിക്കേണ്ട മാതൃക തന്നെ. നീയൊരു പുഴയായ്.. മനോഹരമായി … മറ്റൊരു പാട്ട് എന്ന് പറഞ്ഞപ്പോഴേക്കും.. പ്രമദവനവും.. സുകേഷ്..നീ ഞങ്ങളുടെ ഒക്കെ മനസിലെ താരമായി കഴിഞ്ഞു. ഇനിയും പ്രേക്ഷക ഹൃദയങ്ങളില്‍, ആ മധുര ശബ്ദം കൊണ്ട് നീ ഇടം പിടിക്കും എന്നതിന് സംശയമില്ല. ദൈവം അനുഗ്രഹിക്കട്ടെ..
എങ്കിലും ചില പറയാതിരിക്കാന്‍ പറ്റുകയില്ല, ചാനല്‍ ഈ കുട്ടിയെ ഇപ്പോള്‍ തന്നെ ഒരു കച്ചവട വസ്തുവായി മാറ്റി തുടങ്ങിയിരിക്കുന്നു.സുകെഷിനു സംഗീതവും അമ്മയും മാത്രമേ അറിയൂ എന്ന് അവതാരകര്‍ പറഞ്ഞത് ഇത്തിരി കടന്നു പോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സഹതാപമല്ല കഴിവിനോടുള്ള ആദരവാണ് സുകേഷ് കുട്ടന് ലഭിക്കാന്‍ പോകുന്ന/ ലഭിച്ചു കൊണ്ടിരിക്കുന്ന ജനപിന്തുണയുടെ പിന്നിലെന്ന വാസ്തവം മനസിലാക്കാനുള്ള കണ്ണ് ചാനല്‍ അധികൃതര്‍ക്ക് ഉണ്ടാകേണ്ടത് തന്നെയാണ്. എന്നാല്‍ ചാനലിന്റെ ഇടപെടലോടെ പലപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയോടു കൂടി അരങ്ങേറുന്നവയാണ് ഇപ്പോഴത്തെ പല റിയാലിറ്റി ഷോകളും. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പോലുള്ള പരിപാടികള്‍ റിയാലിറ്റി ഷോകളായി പരിഗണിക്കപ്പെടുന്നത് ജനങ്ങളുടെ വോട്ടുകള്‍ മല്‍സരാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്നു എന്നു പറയപ്പെടുന്നതു കൊണ്ടാണ് (സംപ്രേഷണം ചെയ്യുന്നതിന് ആഴ്ചകള്‍ക്കു മുമ്പേ റെക്കോര്‍ഡ് ചെയ്യപ്പെട്ട എപ്പിസോഡുകളിലെ മല്‍സരാര്‍ഥികളെ തങ്ങളുടെ എസ്എംഎസ് വോട്ടുകളാണ് മുന്നോട്ടു നയിക്കുന്നത് എന്ന് പാവപ്പെട്ട പ്രേക്ഷകര്‍ വിശ്വസിക്കുന്നിടത്തോളം കാലം അങ്ങനെ തന്നെയിരിക്കട്ടെ).
മല്‍സരം വിജയിക്കുക എന്നതിനെക്കാള്‍ മല്‍സരിക്കുക എന്നതാണ് റിയാലിറ്റി ഷോകളില്‍ പ്രധാനം. ഒരു മല്‍സരാര്‍ഥിക്ക് വിവിധ എപ്പിസോഡുകളിലായി തന്റെ പ്രകടനം കാഴ്ച വയ്ക്കാന്‍ ലഭിക്കുന്ന അവസരത്തിന്റെ വില അത്ര വലുതാണ്. മിക്കവാറും പുതുമുഖ വേട്ടക്കാര്‍ റിയാലിറ്റി ഷോകളില്‍ നിന്നാണ് തങ്ങള്‍ക്കു വേണ്ടപ്രതിഭകളെ തിരഞ്ഞെടുക്കുന്നത്. ചലച്ചിത്ര സംവിധായകര്‍ ഇപ്പോള്‍ പ്രതിഭകളെ തേടി കലോല്സവപ്പന്തലുകളില് ഉറക്കമിളച്ചിരിക്കാറില്ല. ആഗോളകലോല്സവം നടക്കുന്ന ടിവിയ്ക്കു മുന്നിലിരുന്നാല്‍ മതിയല്ലോ! മുന്‍പ് സന്നിദാനന്ദന് സിനിമോള്‍,സോമദാസ് തുടങ്ങിയ മത്സരാര്‍ത്ഥികളെ അവസാന റൌണ്ട് വരെ കൊണ്ട് വന്നു തങ്ങളുടെ എസ്എംഎസ് ബാങ്ക് നിറച്ച ശേഷം പാലം കടന്നപ്പോള്‍ കൂരായണ എന്ന് പറഞ്ഞ മനോഭാവം സുകേഷ് കുട്ടന്റെ കാര്യത്തിലെങ്കിലും ചാനല്‍ കൈവെടിയുമായിരിക്കും.എന്തായാലും വിവാദമായ കഴിഞ്ഞ ഗ്രാന്‍ഡ് ഫൈനലിനു ശേഷം ഏറെ താഴ്ന്നു പോയ സ്റ്റാര്‍ സിങ്ങറിന്റെ റേറ്റിംഗ് ഉയര്‍ത്താന്‍ സുകേഷ് കുട്ടന്റെ പ്രകടനത്തിനു കഴിയുമെന്ന് തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല