സ്വന്തം ലേഖകൻ: പൊണ്ണത്തടിയുള്ളവരിൽ കോവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരിൽ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷൻ ഡയറക്ടർ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവർക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം.
രോഗപ്രതിരോധ ശേഷിയും ഇത്തരക്കാരിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കോവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാർക്ക് നീണ്ടകാലത്തെ ആശുപത്രി വാസവും തുടർ ചികിത്സകളും വേണ്ടി വരുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആഗോള പഠനം ചൂണ്ടിക്കാട്ടുന്നത് പ്രകാരം 60 വയസ്സിന് മുകളിലുള്ള ഹൃദ്രോഗ, വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരിലും പ്രമേഹമുള്ളവരിലും കോവിഡ് ബാധിച്ചാൽ രോഗം ഗുരുതരമാകാം. ഇവർക്കായി യുഎഇ. ആരോഗ്യ മന്ത്രാലയം പ്രത്യേക ബോധവത്കരണം തുടങ്ങിയിട്ടുണ്ടെന്ന് യുഎഇ.യിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിരോധ ശേഷി ക്രമേണ കുറവുള്ള ഇത്തരക്കാർ കോവിഡ് വാക്സിൻ സ്വീകരിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കണം. മഹാമാരിയുടെ ആദ്യനാളുകളിൽ അമിതവണ്ണമുള്ള രോഗികൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മന്ത്രാലയം പ്രത്യേക ശ്രദ്ധയും ആരോഗ്യ പരിചരണവും നൽകിയിരുന്നതായി ആരോഗ്യ ക്ലിനിക്കുകളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അൽ റാൻഡ് വിശദീകരിച്ചു.
അമിതവണ്ണത്തിന്റെ തോത് വളരെക്കാലമായി യുഎഇ.യിൽ ആശങ്കാജനകമാണ്. ഏപ്രിലിൽ പുറത്തിറങ്ങിയ ഗ്ലോബൽ ഒബിസിറ്റി പട്ടികയിൽ യുഎഇ. 26-ാം സ്ഥാനത്തായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല