സ്വന്തം ലേഖകൻ: സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന ‘തവക്കൽന’ ആപ്പ് ഞായറാഴ്ച മുതൽ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളിൽ ഇന്ന് മുതൽ ആപ്പ് പ്രവർത്തിക്കും.
സൗദിയിൽനിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണിത്. സൗദിയിൽ നിന്നും വാക്സിൻ എടുത്തവരുടെ വിവരങ്ങൾ അപ്ഡേറ്റായി ലഭിക്കുന്ന ഏക ആപ്പാണിത്. രണ്ട് വാക്സിനും സ്വീകരിച്ചവരോ ഒരു വാക്സിൻ എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച് ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക.
സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കൽന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കിൽ അവർക്ക് രാജ്യത്ത് പ്രവേശിച്ചാൽ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആവശ്യമില്ലെന്നാണ് സർക്കാർ മാർഗനിർദേശം. എന്നാൽ, ഇത് യാത്ര യാത്ര പുറപ്പെടും മുമ്പ് അതാത് വിമാന കമ്പനികളെ ബോധ്യപ്പെടുത്തണം.
ആപ്പിൽ പച്ച തെളിയാത്തവർക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. തവക്കൽന ആപ്പ് സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവർത്തിക്കാതിരുന്നതിനാൽ നിരവധി പ്രവാസികളാണ് ഈ ഇളവ് ലഭിക്കാതെ ക്വാറൻ്റീനിൽ പോകേണ്ടി വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല