സ്വന്തം ലേഖകൻ: അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള പുലിറ്റ്സർ പുരസ്കാരത്തിന് ഇന്ത്യൻ വംശജയായ മേഘ രാജഗോപാലൻ അർഹയായി. ഷിൻജിയാംഗ് മേഖലയിൽ ആയിരക്കണക്കിനു മുസ്ലിംകളെ പാർപ്പിക്കുന്നതിനായി ചൈന രഹസ്യമായി നിർമിച്ച വലിയ ജയിലുകളെയും ക്യാന്പുകളെയുംകുറിച്ചുള്ള റിപ്പോർട്ടുകൾക്കാണു പുരസ്കാരം.
അമേരിക്കയിലെ ഏറ്റവും ഉയർന്ന ജേർണലിസം അവാർഡ് നേടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണു ബസ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ. പ്രാദേശിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം നേടിയ താംപ ബേ ടൈംസിന്റെ നീൽ ബേദിയാണു പുരസ്കാരം നേടിയ മറ്റൊരു ഇന്ത്യൻ വംശജൻ. കാത്ലീൻ മക്ഗ്രോറിക്കൊപ്പമാണു നീൽ പുരസ്കാരം സ്വന്തമാക്കിയത്.
ഭാവിയിലെ കുറ്റക്കാരെ കണ്ടെത്താൻ ഒരു ഷെരീഫിന്റെ ഓഫീസ് ഉപയോഗിച്ച കംപ്യൂട്ടർ മോഡലിംഗിനെ സംബന്ധിച്ചായിരുന്നു ഇവരുടെ റിപ്പോർട്ട്. ഈ പദ്ധതിക്കു കീഴിൽ കുട്ടികളടക്കം ആയിരത്തിനടുത്ത് ആളുകളെ നിരീക്ഷിച്ചിരുന്നു. മേഘയുടെ ഷിൻജിയാംഗ് പരന്പര അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലാണു പുരസ്കാരം നേടിയത്. 2017ലാണു മേഘ ഷിൻജിയാംഗ് സന്ദർശിക്കുന്നത്.
ഈ കാലഘട്ടത്തിൽ തടങ്കൽപ്പാ ളയങ്ങൾ ഇല്ലെന്നായിരുന്നു ചൈനീസ് വാദം. എന്നാൽ, മേഘയുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതോടെ ചൈന അവരുടെ വീസ റദ്ദാക്കുകയും രാജ്യത്തുനിന്നു പുറത്താക്കുകയും ചെയ്തു. ലണ്ടനിൽ നിന്ന് തടങ്കൽപ്പാളയങ്ങൾ സംബന്ധിച്ച അന്വേഷണം തുടർന്ന മേഘ വാസ്തുവിദ്യയുടെ ഫോറൻസിക് വിശകലനത്തിലും കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളിലും വിദഗ്ധനായ ആർക്കിടെക്ട് അലിസണ് കില്ലിംഗ്, ഡാറ്റാ ജേർണലിസ്റ്റുകൾക്ക് അനുയോജ്യമായ സോഫ്റ്റ്വേറുകൾ നിർമിക്കുന്ന പ്രോഗ്രാമർ ക്രിസ്റ്റോ ബുഷെക് എന്നിവരുടെ സഹായത്തോടെ കൂടുതൽ റിപ്പോർട്ടുകൾ തയാറാക്കി.
ഇതിനായി ഭൂമിശാസ്ത്രപരമായി അലാസ്കയെക്കാൾ വലിപ്പമുള്ള ഷിൻജിയാംഗ് മേഖലയിലെ ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങൾ ഇവർ വിശകലനം ചെയ്തു. സെൻസർ ചെയ്ത ചൈനീസ് ചിത്രങ്ങളെ സെൻസർ ചെയ്യാത്ത മാപ്പിംഗ് സോഫ്റ്റ് വേര് ഉപയോഗിച്ചു താരതമ്യപ്പെടുത്തി. ഇങ്ങനെ ലഭിച്ച 50,000 സ്ഥലങ്ങളുടെ ചിത്രങ്ങൾ അപഗ്രഥിക്കാൻ ബുഷെക് പ്രത്യേക സോഫ്റ്റ്വേര് ഒരുക്കി.
തുടർന്ന് ഇവർ ഓരോ ചിത്രവും പരിശോധിച്ചു. ഇതിൽനിന്ന് 260 തടങ്കൽപ്പാളയങ്ങൾ ഇവർ തിരിച്ചറിഞ്ഞു. ചില തടവറകളിൽ പതിനായിരത്തിലധികം ആളുകളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ചിലതു ഫാക്ടറികളാണ്. തടങ്കൽപ്പാളയത്തിൽ ഉള്ളവരെയാണ് ഇവിടെ നിർബന്ധിതമായി പണിയെടുപ്പിക്കുന്നതെന്നും മേഘയുടെ അന്വേഷണത്തിൽ കണ്ടെത്തി.
ചൈനയിൽ നിന്നു പുറത്താക്കപ്പെട്ട മേഘ അയൽരാജ്യമായ കസാക്കിസ്ഥാനിലേക്കു പോവുകയും ഷിൻജിയാംഗ് ക്യാന്പുകളിൽ കഴിഞ്ഞിരുന്നവരെ കണ്ടെത്തുകയും ചെയ്തു. ഈ അനുഭവങ്ങളും മേഘയുടെതായി വെളിച്ചംകണ്ടു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നു മേഘ പിന്നീട് ബസ്ഫീഡ് ന്യൂസിനോടു പ്രതികരിച്ചു.
21 വിഭാഗങ്ങളിലാണു വർഷംതോറും പുലിറ്റ്സർ സമ്മാനം നൽകുന്നത്. 20 വിഭാഗങ്ങളിൽ ഓരോ വിജയിക്കും സർട്ടിഫിക്കറ്റും 15,000 യുഎസ് ഡോളർ ക്യാഷ് അവാർഡും ലഭിക്കും. പബ്ലിക് സർവിസ് വിഭാഗത്തിലെ വിജയിക്കു സ്വർണമെഡലാണു സമ്മാനം.
അമേരിക്കയിലെ ജോർജ് ഫ്ലോയ്ഡ് വധം റിപ്പോർട്ട് ചെയ്ത സ്റ്റാർ ട്രിബ്യൂണിനു മികച്ച ബ്രേക്കിംഗ് വാർത്തയ്ക്കുള്ള പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. മുതിർന്നവരിലെ കോവിഡ് വ്യാപനത്തെക്കുറിച്ചും ലിംഗവിവേചനത്തെക്കുറിച്ചുമുള്ള അസോസിയേറ്റഡ് പ്രസി(എപി)ന്റെ വാർത്താ ചിത്രങ്ങൾക്കു രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു. പൊതുസേവന വിഭാഗത്തിൽ ന്യൂയോർക്ക് ടൈംസും പുരസ്കാരം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല