നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാംസ്ഥാനത്തെത്തി. ഇന്നലെ നടന്ന ലീഗ് മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 1-4 നു തോല്‍പ്പിക്കുകയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനോട് 1-1 നു സമനില വഴങ്ങിയതോടെയുമാണു സിറ്റി ഒന്നാംസ്ഥാനത്തെത്തിയത്. സിറ്റി എട്ടു മത്സരങ്ങളില്‍നിന്ന് 22 പോയിന്റും യുണൈറ്റഡ് അത്രയും മത്സരങ്ങളില്‍നിന്ന് 20 പോയിന്റും നേടി. എതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റിക്കു വേണ്ടി മരിയോ ബലോറ്റെലി, ആഡം ജോണ്സണ്, വിന്‍സെന്റ് കോംപാനി, ജെയിംസ് മില്‍നല്‍ എന്നിവര്‍ ഗോളടിച്ചു.
സ്റ്റെഫാന്‍ വാര്നോക്കായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ആശ്വാസ ഗോളടിച്ചത്. ഒന്നാംപകുതിയില്‍ 1-0 ത്തിനു സിറ്റി മുന്‍തൂക്കം നേടിയിരുന്നു. ലിവര്‍പൂളിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം മെക്സികന്‍ താരം ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെയാണ് യുണൈറ്റഡ് സമനില നേടിയത്. 68 ാം മിനിട്ടില്‍ സ്റ്റീവന്‍ ജെറാഡ് ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു. 81 ാം മിനിട്ടിലാണ് യുണൈറ്റഡ് സമനില ഗോളടിച്ചത്. 76 ാം മിനിട്ടില്‍ ജോണസിനു പകരക്കാരനായി ഇറങ്ങിയാണു ഹെര്‍ണാണ്ടസ് ടീമിനു സമനില നേടിക്കൊടുത്തു രക്ഷപ്പെടുത്തിയത്. ഇംഗ്ലണ്ടുകാരനും സ്റ്റാര്‍ സ്ട്രൈക്കറുമായ വെയ്ന്‍ റൂണിയെ പകരക്കാരനാക്കിയാണ് യുണൈറ്റഡ് കളിക്കാനിറങ്ങിയത്. യൂറോ കപ്പ് ഫുട്ബോളില്‍ മൂന്നു മത്സരങ്ങളുടെ വിലക്ക് നേരിടുന്ന നിരാശയിലാണു റൂണിയെന്നതിനാലാണ് ഒഴിവാക്കിയതെന്നു യുണൈറ്റഡ് കോച്ച് അലക്സ് ഫെര്ഗുസണ് പറഞ്ഞു.
ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടിയായിരുന്നു യുണൈറ്റഡ് കളിക്കാനിറങ്ങിയത്. വിവാദ നായകനും അര്‍ജന്റീനക്കാരനുമായ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസിനെ ഒഴിവാക്കിയാണ് സിറ്റി ഇന്നലെ കളിക്കാനിറങ്ങിയത്. സഹതാരം സെര്‍ജിയോ അഗ്യൂറോയും പരുക്കു ഭേദമാകാത്തതിനാല്‍ കളിക്കാനിറങ്ങിയില്ല. മറ്റു മത്സരങ്ങളില്‍ നോര്‍വിക്ക് സ്വാന്‍സീയെയും ബോള്ട്ടന് വീഗാന്‍ അത്ലറ്റികിനെയും ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. ഫുള്‍ഹാമിനെ 2-0 ത്തിനു തോല്‍പ്പിച്ചു സ്റ്റോക്ക് സിറ്റിയും കരുത്തു കാട്ടി. ബ്ലാക്ക്ബേണ്‍ – ക്വൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്സ് മത്സരം 1-1 നു സമനിലയില്‍ പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല