സ്വന്തം ലേഖകൻ: സൗദിയിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. പുറം ജോലികൾ ചെയ്യുന്നവർക്ക് ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്ന് വരെ നിർബന്ധ വിശ്രമം ഏർപ്പെടുത്തി. നിയമലംഘനമുണ്ടായാൽ തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതലാണ് സൗദിയിൽ മധ്യാഹ്ന വിശ്രമ ഉത്തരവ് പ്രാബല്യത്തിലായത്. ഉച്ചക്ക് 12 മണിമുതൽ വൈകുന്നേരം 3 മണിവരെ, വെയിലേൽക്കുന്ന ജോലികൾ ചെയ്യിപ്പിക്കരുത്.
ചൂടേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലിക്കും നിയന്ത്രണമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായതായി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തും. പുറം ജോലിയെടുക്കുന്ന ഓരോ തൊഴിലാളിക്കും 3000 റിയാൽ വീതം പിഴ സ്ഥാപനത്തിന് മേൽ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും, പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. എന്നാൽ ഇവർക്ക് വെയിലേൽക്കാതിരിക്കാൻ ക്രമീകരണം അതത് സ്ഥാപനങ്ങൾ ഒരുക്കണം. തൊഴിലാളികൾക്ക് പരാതികളുണ്ടെങ്കിൽ 19911 എന്ന നമ്പറിൽ വിളിച്ച് പരാതി രേഖപ്പെടുത്താമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല