1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2011

2012ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍മാരായ ഡോ കെമിക്കല്‍ കമ്പനി വരുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദിയായ യൂനിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരാണ് ഡോ കെമിക്കല്‍സ്.ഏഴു മില്യന്‍ പൌണ്ടാണ് കമ്പനിയുടെ സ്പോണ്സര്‍ഷിപ്പ് തുക.

ചോരമണക്കുന്ന കമ്പനിയെ സമാധാനത്തിന്റെ ഉല്‍സവത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ദുരന്തത്തില്‍ 5000ലേറെ പേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിനും മറ്റു ദുരിതബാധിതര്‍ക്കുമുള്ള നഷ്ടപരിഹാരം പോലും വിതരണം ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല.ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ്‌ ഇപ്പോള്‍ സുപ്രീം കോടതിയിലാണ്.

1989ല്‍ യൂനിയന്‍ കാര്‍ബൈഡുമായുണ്ടാക്കിയ 470 കോടിയുടെ നഷ്ടപരിഹാരത്തില്‍ കൂടുതല്‍ ഒന്നും നല്‍കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കു പോലും വിഷവാതകത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നുണ്ട്. അത്രമാത്രം മണ്ണും വെള്ളവും മലീമസമായി കഴിഞ്ഞു.

വിവിധ സന്നദ്ധസംഘടനകള്‍ ‘ഭോപ്പാല്‍ ഒളിംപിക്‌സ്’ എന്ന പേരില്‍ ആഗോളവ്യാപകമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. ഈ വിഷയത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് കമ്മിറ്റിക്കും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരാതി നല്‍കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

വിവാദ കമ്പനിയുടെ സ്പോണ്സര്‍ഷിപ്പ് സ്വീകരിച്ചതില്‍ തെറ്റു പറ്റിയെന്ന് ഒളിമ്പിക്സ്‌ അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഈ വിവാദത്തില്‍ നിന്നും എങ്ങിനെ തലയൂരും എന്ന ആശങ്കയിലാണ്.സ്പോണ്സര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്‌താല്‍ ഡോ കെമിക്കല്‍സിന് നഷ്ട്ടപരിഹാരമായി 50 മില്യന്‍ പൌണ്ടെങ്കിലും നല്‍കേണ്ടി വരും.

അതേസമയം കമ്പനിയെ ഒഴിവാക്കണമെന്ന ആവശ്യം ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ ഉന്നയിച്ചു കഴിഞ്ഞു.ലോക രാഷ്ട്രങ്ങളുടെ ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കാന്‍ നടത്തുന്ന ഒളിമ്പിക്സില്‍ ഒരു കൊലയാളി കമ്പനി സ്പോണ്‍സര്‍ ആയി കയറിപ്പറ്റിയതിനെതിരെ എങ്ങും പ്രതിഷേധമുയരുകയാണ്.ഇന്ത്യന്‍ വംശജനായ എം പി കീത്ത് വാസ് ഈ പ്രശ്നം ഹൗസ്‌ ഓഫ് കോമണ്‍സില്‍ ഉന്നയിച്ചു കഴിഞ്ഞു.എന്തായാലും ഇന്ത്യയെ ഇന്‍സള്‍ട്ട് ചെയ്യുന്ന ഈ തീരുമാനം വരും ദിവസങ്ങളില്‍ ചൂടുള്ള വാദപ്രതിവാദങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് തീര്‍ച്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.