സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നടക്കമുള്ള കൂടുതൽ യാത്രക്കാരെ വരവേൽക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നും കോൺകോഴ്സ് ഡിയും വ്യാഴാഴ്ച തുറക്കുന്നു. എയർ ഇന്ത്യ വിമാനങ്ങൾ ഇവിടെ നിന്ന് സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള ബജറ്റ് വിമാനങ്ങൾ ടെർമിനൽ രണ്ടിൽ തുടരും. ടെർമിനൽ മൂന്നിൽ എമിറേറ്റ്സ് വിമാനങ്ങൾ.
ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ബുധൻ മുതൽ ഭാഗികമായി നീക്കുന്നതിനെ തുടർന്നാണ് ടെർമിനൽ 1 തുറക്കുന്നത്. 40ൽ ഏറെ രാജ്യാന്തര വിമാനക്കമ്പനികളുടെ സർവീസുകൾ ഘട്ടംഘട്ടമായി ഇവിടേക്കു മാറും. ഏത് ടെർമിനലിൽ നിന്നാണു പുറപ്പെടുന്നതെന്ന് അതത് വിമാനക്കമ്പനികളെ വിളിച്ചു യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് ദുബായ് എയർപോർട്സ് അറിയിച്ചു.
സർവീസുകളുടെ പുനഃക്രമീകരണം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. കോവിഡ് സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 25നാണ് ടെർമിനൽ 1 അടച്ചത്. 2016 ഫെബ്രുവരിയിൽ തുറന്ന കോൺകോഴ്സ് ഡിയെ ടെർമിനൽ ഒന്നുമായി ബന്ധിപ്പിച്ച് എയർപോർട്ട് ട്രെയിനുണ്ട്. പ്രതിവർഷം 1.8 കോടിയാളുകൾ ഇതുവഴി യാത്രചെയ്തിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ യാത്രക്കാരെ വരവേൽക്കുന്നതിന്റെ ഭാഗമായാണ് ടെർമിനൽ 1 തുറക്കുന്നതെന്ന് ദുബായ് എയർപോർട്സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. വ്യോമയാന മേഖല സജീവമാകുമെന്നാണു പ്രതീക്ഷയെന്നും വ്യക്തമാക്കി.
യാത്രാവിലക്ക് ഭാഗികമായി യുഎഇ പിൻവലിച്ചത് പ്രവാസികൾക്ക് ആശ്വാസം പകരുന്ന നടപടിയാണെങ്കിലും 4 മണിക്കൂർ കാലാവധിയുള്ള ആർടി പിസിആർ ടെസ്റ്റ് വേണം എന്നത് വെല്ലുവിളിയാണ്. വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിനു സൗകര്യം ഉണ്ടായാലേ 4 മണിക്കൂർ കാലാവധിയുള്ള ഫലം ലഭിക്കൂ. കേരളത്തിലെ വിമാനത്താളങ്ങളിൽ നിലവിൽ ഇതിനുള്ള സൗകര്യമില്ല.
ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണമെന്നും നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ സ്വന്തം ചെലവിലാണോ സർക്കാർ ചെലവിലാണോ ഇതു വേണ്ടതെന്ന് നിർദേശമില്ല. നിലവിൽ താമസവീസക്കാർക്ക് ക്വാറന്റീൻ സൗജ്യമായിരുന്നു.
ആശങ്കകൾക്കിടയിലും 23 മുതൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എയർബബിൾ കരാറും തുടരുന്നതിനാൽ തടസ്സങ്ങൾ പരിഹരിച്ച് യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അതിനിടെ, ഇന്ത്യയിലെ കൊവിഷീൽഡും അസ്ട്രാസെനകയും ഒന്നാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ആദ്യമായാണ് ഇക്കാര്യത്തിൽ ദുബായിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല