സ്വന്തം ലേഖകൻ: ദുബൈ പ്രഖ്യാപിച്ച പുതിയ പ്രോട്ടോകോൾ പ്രകാരം ഇന്ത്യക്കാർക്ക് രണ്ടുദിവസം കൊണ്ട് ചുരുങ്ങിയ ചെലവിൽ ഉസ്ബെക്കിസ്ഥാൻ വഴി യുഎഇയിലേക്ക് വരാം. പഴയ പോലെ ഉസ്ബെക്കിസ്ഥാനില്‍ 14 ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല.
ഈമാസം 23 മുതൽ നിലവിൽ വന്ന പുതിയ പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്ന് നേരിട്ട് ദുബൈയിലേക്ക് എന്ന് മുതൽ വിമാന സർവീസ് തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എന്നാൽ പുതിയ പ്രോട്ടോകോൾ നിലവിൽ വന്ന അന്ന് തന്നെ ചട്ടങ്ങൾ പാലിച്ച് ചില പ്രവാസി മലയാളികൾ ദുബൈയിൽ വിമാനമിറങ്ങി.
2 ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ഇവർ ഉസ്ബെകിസ്ഥാന് തലസ്ഥാനമായ താഷ്കെന്റിൽ നിന്നാണ് ദുബൈയിൽ ഇറങ്ങിയത്. 14 ദിവസം താഷ്കെന്റില്‍ ഹോട്ടലിൽ കഴിയേണ്ടി വരുന്ന പാക്കേജിലാണ് പുറപ്പെട്ടത് എങ്കിലും പുതിയ പ്രോട്ടോകോൾ പരീക്ഷിക്കാൻ തയാറായത് യാത്ര എളുപ്പമാക്കിയതായി യാത്രക്കാർ വ്യക്തമാക്കി.
യുഎഇയിലേക്ക് വരാൻ നിരവധി മലയാളികൾ ഇപ്പോഴും താഷ്കെന്റിലുണ്ടെങ്കിലും അവർ ഈ പരീക്ഷണത്തിന് തയാറായിരുന്നില്ല. ഹോട്ടൽ ക്വാറന്റൈന് ഒഴിവാകുന്നതിനാൽ പുതിയ മാർഗത്തിൽ യാത്രക്ക് ചെലവും ഗണ്യമായി കുറയുന്നുണ്ട്. നേരിട്ടുള്ള വിമാന സർവീസ് തുടങ്ങാൻ വൈകുന്നതിനാൽ നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്ക് ഈ മാർഗം ഉപകാരപ്പെടും.
വിസ നടപടികൾ എളുപ്പമായതും ഇന്ത്യയിൽ നിന്ന് നേരിട്ട് സർവിസുള്ളതുമാണ് പ്രവാസികൾ അർമീനിയ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ കാരണം. ഇതിന് പുറമെ റഷ്യ, യുക്രെയ്ൻ, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്. ടിക്കറ്റിനും വിസക്കുമായി ലക്ഷം രൂപയുടെ മുകളിലേക്കാണ് നിരക്ക്.
അർമീനിയയിലേക്ക് കൊച്ചിയിൽനിന്ന് ദോഹ വഴി ദിവസവും വിമാന സർവിസുണ്ട്. അപേക്ഷിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിസ ലഭിക്കും. ഖത്തർ എയർവേസാണ് സർവീസ് നടത്തുന്നത്. ഓൺ അറൈവൽ വിസ ഖത്തർ എയർവേസ് അനുവദിക്കാത്തതിനാൽ ടൂറിസ്റ്റ് വിസ എടുത്ത ശേഷം വേണം യാത്ര ചെയ്യാൻ. ഇവിടെയെത്തി രണ്ടാഴ്ച ക്വാറൻറീൻ പൂർത്തീകരിച്ച് യു.എ.ഇയിലെത്താം. ട്രാവൽ ഏജൻസികൾ നൽകുന്ന പാക്കേജുകൾ വഴിയും സ്വന്തമായും ഇവിടേക്ക് യാത്രചെയ്യുന്നവരുണ്ട്.
കോവിഡ് വളരെ കുറവ് റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളാണ് ഉസ്ബകിസ്താനും അർമീനിയയും. ഇവിടെ സുരക്ഷിതമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നതും പ്രവാസികളെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, യുഗാണ്ട, സാംബിയ, കോംഗോ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കാണ് യു.എ.ഇ വിലക്കേർപെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല